ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്നങ്ങള്‍:-
1976 മുതല്‍ സമുദായ സര്‍ട്ടിഫിക്കറ്റ് പ്രശ്നങ്ങള്‍ അനുഭവിച്ചു വരുന്നവരാണു് മണ്ണാന്‍-വണ്ണാന്‍ സമുദായക്കാര്‍. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ സമുദായ നാമത്തിന്റെ പര്യായമായ “പെരുവണ്ണാന്‍” ചേര്‍ക്കപ്പെട്ടതാണു് ഇതിന്നു കാരണം (വിശദ വിവരങ്ങള്‍ക്കു് “പെരുവണ്ണാന്റെ വ്യാകുലതകള്‍” കാണുക). എം. വി. എസ്സ്. എസ്സ്. രൂപീകരിക്കപ്പെട്ട ശേഷം, 2005, 2006 വര്‍ഷങ്ങളില്‍ കേരള സര്‍ക്കാര്‍ ഇറക്കിയ രണ്ടു് ഉത്തരവുകള്‍ മണ്ണാന്‍-വണ്ണാന്‍ സമുദായക്കാരെ പ്രതികൂലമായി ബാധിച്ചു.
(1) G.O.(M.S.)25/2005 തീയ്യതി 20/06/2005:-
പുനീത് റോയ്, ശോഭ ഹൈമവതി കേസ്സുകളിലുണ്ടായ സുപ്രീംകോടതി വിധികളെത്തുടര്‍ന്നു് കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണിതു്. മിശ്രവിവാഹിതരായ ദമ്പതികളുടെ മക്കളുടെ ജാതി, പിതാവിന്റെ ജാതിയായിരിക്കും എന്നു് അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ ഉത്തരവു് പെരുവണ്ണാന്‍മാരെ പ്രതികൂലമായി ബാധിച്ചു. ഒരേ സമുദായത്തിന്റെ വ്യത്യസ്ത പേരുകള്‍ ആണെങ്കിലും, മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍ എന്നിവ പട്ടികജാതിയിലും, പെരുവണ്ണാന്‍ ഒ. ഇ. സി., ഒ. ബി. സി. പട്ടികകളിലും ചേര്‍ക്കപ്പെട്ടതിനാല്‍, അവര്‍ തമ്മിലുള്ള വിവാഹം മിശ്രവിവാഹമായി ആരോപിച്ചു. പിതാവു് പെരുവണ്ണാന്‍ ആണെങ്കില്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. 2005നു് മുന്‍പു്, മാതാവിന്റെയോ പിതാവിന്റെയോ ജാതിനാമം കുട്ടികള്‍ക്കു് നല്‍കാമായിരുന്നു. അതും പരിഗണിക്കപ്പെട്ടില്ല. പിതാവിന്റെ ജാതിനാമം പെരുവണ്ണാന്‍ ആണോ എന്നതു് മാത്രമായി പരിഗണനാവിഷയം. വണ്ണാന്‍, മണ്ണാന്‍, പെരുമണ്ണാന്‍ ജാതിനാമം ചേര്‍ത്തു് സ്കൂളില്‍ ചേര്‍ന്നവര്‍ക്കെല്ലാം പിതാവു് പെരുവണ്ണാന്‍ ആണെന്ന ഒറ്റക്കാരണം കൊണ്ടുമാത്രം പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായി. പട്ടികജാതിക്കോളനികളില്‍ ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ ഇടപെടല്‍ കൊണ്ടു് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും സംവരണാനുകൂല്യം നഷ്ടപ്പെട്ടു. പ്രശ്നങ്ങള്‍ വിശദീകരിച്ചുകൊണ്ടു്, എം. വി. എസ്സ്. എസ്സ്. 04/11/2008നു് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍, ചീഫ് സെക്രട്ടറി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പു് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രതിപക്ഷ നേതാവു് ഉമ്മന്‍ചാണ്ടി, മുഖ്യമന്ത്രി, എന്നിവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കി. അധികാര സ്ഥാനങ്ങളില്‍ നിന്നെല്ലാം അനുകൂല പ്രതികരണം ഉണ്ടായി. 30/12/2008നു് വിവാദ ഉത്തരവു് ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവു് – G.O.(M.S.)No:109/SC.ST.DD. തീയ്യതി 20/11/2008 സര്‍ക്കാര്‍ ഇറക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍നിന്നും ആയതിന്റെ ഒരു കോപ്പി സംഘടനയ്ക്കു് കിട്ടി. ഉത്തരവില്‍ നിര്‍ദ്ദേശിക്കപ്പെട്ട നിബന്ധനകള്‍ അലോസരപ്പെടുത്തുന്നവയാണെങ്കിലും ഉത്തരവു്, വളരെപ്പേര്‍ക്കു് ആശ്വാസം നല്‍കി. വിദ്യാഭ്യാസം, സാമ്പത്തികം എന്നീ നിബന്ധനകള്‍ക്കു് പരിധി നിര്‍ണയിച്ചിട്ടില്ലാത്തിനാല്‍ വിഷമമുണ്ടു്. ഇവ പരിഹരിക്കാന്‍ 10/06/2009നു് വീണ്ടും, സര്‍ക്കാരിലേക്കു് എഴുതിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.
(2) G.O.(M.S.) 37/06/SC.ST.DD. തീയ്യതി 28/07/2006:-
കോഴിക്കോടു് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച, ശ്രീമതി തങ്കം V/s മാധവി സ്ഥാനാര്‍ഥികളുടെ കേസ്സും, തുടര്‍ന്നു് മാധവി V/s സ്ക്രൂട്ടിനി കമ്മിറ്റി കേസ്സില്‍ കേരള ഹൈക്കോടതിയുടെ MFA 636/2003-20049(3)KLT 967 2 വിധിയോടുമനുബന്ധിച്ചു് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണു് മേല്‍ക്കൊടുത്തതു്. ഭരണഘടന (പട്ടികജാതി) ലിസ്റ്റില്‍ ക്രമനമ്പര്‍ 37ല്‍ മണ്ണാന്‍ / വണ്ണാന്‍ / പെരുമണ്ണാന്‍ എന്നിവരുടെ പര്യായപദമല്ല പെരുവണ്ണാന്‍ എന്നതിനാല്‍ പെരുവണ്ണാനെ പട്ടികജാതിയായി പരിഗണിക്കാനോ, വണ്ണാന്‍ / മണ്ണാന്‍ / പെരുമണ്ണാന്‍ എന്നിങ്ങനെ തിരുത്തുവാനോ പാടില്ല എന്നു് അതില്‍ നിര്‍ദേശിച്ചു. 1976നു് ശേഷം പെരുവണ്ണാന്റെ ജാതിസര്‍ട്ടിഫിക്കറ്റ് പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ നമ്പര്‍ 13033/90/E2/SC.ST.DD. തീയ്യതി 27/11/1991 ഈ വിധിയോടെ ദുര്‍ബലപ്പെട്ടു. ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്നം വീണ്ടും രൂക്ഷമായി. പ്രശ്നം പരിഹരിക്കാന്‍ നിവേദനങ്ങളുമായി സര്‍ക്കാരിനെ സമീപിച്ചു. കോടതിയെ സമീപിക്കാനാണു് പട്ടികജാതി – പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍നിന്നു് നിര്‍ദ്ദേശം ലഭിച്ചതു്. എം. വി. എസ്സ്. എസ്സ്. കേസ്സ് ഫണ്ട് സമാഹരണത്തിന്നിറങ്ങി. കോഴിക്കോടു് ജില്ല നന്നായി സഹകരിച്ചു. ആവശ്യത്തിനുള്ള പണം ലഭിച്ചു.
ഹൈക്കോടതിയിലേക്കു്:-
G.O.(M.S.)37/2006/SC.ST.DD തീയ്യതി 28/07/2006നു് എതിരെ ഹൈക്കോടതിയില്‍ W.P(C)NO:34618/2006 പ്രകാരം റിട്ട് പെറ്റീഷന്‍ നല്‍കി. കേസ്സ് തുടങ്ങി രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ മലപ്പുറത്തുള്ള മാന്യമെമ്പര്‍ കെ. പി. പത്മനാഭന്‍ (പപ്പേട്ടന്‍) WA NO:1405/2008 പ്രകാരം ഒരു റിട്ട് അപ്പീലും നല്‍കി. കോടതി രണ്ടു കേസ്സുകളും ഒന്നിച്ചു പരിഗണിച്ചു; ലാര്‍ജര്‍ ബെഞ്ചിലേക്കു് റഫര്‍ ചെയ്തു. കേസ്സ് നാലു വര്‍ഷം നീണ്ടു. ഒടുവില്‍ 11/11/2010നു് ചീഫ്ജസ്റ്റിസ്: ജെ. ചെലമേശ്വര്‍, ജസ്റ്റിസ്: തോമസ്സ് പി. ജോസഫ്, ജസ്റ്റിസ്: പി. ആര്‍. രാമചന്ദ്രമേനോന്‍ എന്നിവര്‍ വിധി പ്രസ്താവിച്ചു: “വ്യക്തിപരമായ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷകളിന്മേല്‍, ആധികാരികമായി അന്വേഷണം നടത്തി അപേക്ഷകന്‍ ഏതു സമുദായത്തില്‍പ്പെടുന്നുവെന്നും, അതനുസരിച്ചു് സമുദായസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്നും മാധവി V/s സ്ക്രൂട്ടിനി കമ്മിറ്റി കേസ്സിലെ വിധി ന്യായവും, അതനുസരിച്ചു് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവും G.O.(M.S.)37/06 SC.ST.DD. തീയ്യതി 28/07/2006 തടസ്സമല്ല.” എന്നതാണു് വിധിയുടെ അന്ത:സ്സത്ത.
വീണ്ടും പോരാട്ടം:-
കോടതി വിധി മാനിച്ചുകൊണ്ടു്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ചേര്‍ത്ത പെരുവണ്ണാന്‍ എന്ന ജാതിപ്പേരു് തിരുത്തുന്നതിന്നു് ഏര്‍പ്പെടുത്തിയ വിലക്കു് നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനവകുപ്പു് മന്ത്രിക്കു് അപേക്ഷ സമര്‍പ്പിച്ചു. നിവേദനത്തിലെ ആവശ്യം തല്‍ക്കാലം പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലെന്ന മറുപടിയാണു് വകുപ്പു് സെക്രട്ടറിയില്‍നിന്നു ലഭിച്ചതു്.
വഞ്ചി വീണ്ടും തിരുനക്കര തന്നെ:-
മേല്‍പ്പറഞ്ഞ നിഗമനത്തില്‍ എത്തിച്ചേര്‍തിന്നു് ആസ്പദമായ കാരണങ്ങള്‍ അറിയുന്നതിനു് വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു. ട്രഷറിയില്‍ പണമടച്ചു. ബന്ധപ്പെട്ട നോട്ട് ഫയലിന്റെ കോപ്പി അയച്ചുകിട്ടി. കോടതി വിധിയുടെ കോപ്പി ജില്ലാ കളക്ടര്‍മാര്‍ക്കു് അയച്ചു കൊടുക്കാനാണു് മന്ത്രി നിര്‍ദ്ദേശിച്ചതെന്നു് മനസ്സിലായി. ഡിസ്ട്രിക്ട് ലോ ഓഫിസറുടെ അഭിപ്രായം അനുസരിച്ചു്, ജാതി സര്‍ട്ടിഫിക്കറ്റിനുള്ള വ്യക്തിപരമായ അപേക്ഷകളെല്ലാം അന്വേഷിച്ചു് റിപ്പോര്‍ട്ട് നല്കാന്‍ കിര്‍ത്താഡ്സിലേക്കു് അയക്കണമെന്നു് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്കു് നിര്‍ദ്ദേശം നല്‍കി. കിര്‍ത്താഡ്സില്‍ അപേക്ഷകള്‍ കുന്നുകൂടി. വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്ത കിര്‍ത്താഡ്സ് നിസ്സഹായാവസ്ഥയിലായി. സര്‍ക്കുലര്‍ നം: 13033/E2/90/SC.ST.DD. തീയ്യതി 27/11/1991, ഏതു സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇറക്കിയോ അതേ സാഹചര്യം വീണ്ടും ആവര്‍ത്തിച്ചു.
രണ്ടുമൂന്നു കേസ്സുകള്‍ ദൃഷ്ടാന്തമായി എടുത്തുകൊണ്ടു് റവന്യൂ വകുപ്പിനു തന്നെ ജാതി സര്‍ട്ടിഫിക്കറ്റ് കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സഹായകമായ നിര്‍ദേശങ്ങള്‍ കിര്‍ത്താഡ്സ് സര്‍ക്കാരിനു സമര്‍പ്പിച്ചു. 1958ല്‍ സര്‍ക്കാര്‍ ഇറക്കിയ ഒരു ഉത്തരവിന്റെ ഫലമായാണു് മണ്ണാന്‍ / വണ്ണാന്‍ സമുദായക്കാരുടെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ വ്യാപകമായി പെരുവണ്ണാന്‍ ചേര്‍ക്കപ്പെട്ടതെന്നും, കിര്‍ത്താഡ്സ് മുമ്പു് നല്‍കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടു് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍ റവന്യൂ അധികാരികള്‍ക്കു് നല്‍കണമെന്നും അപേക്ഷിച്ചുകൊണ്ടു് വകുപ്പുമന്ത്രിക്കു് വീണ്ടും നിവേദനം നല്‍കി. പക്ഷേ, അപേക്ഷ പരിഗണിക്കാതെ സര്‍ക്കാര്‍ ഫയല്‍ ക്ലോസ് ചെയ്തു. സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ആളുക്കള്‍ വിഷമിച്ചു. പരാതികളുടെ ഒഴുക്കായി.
രജതരേഖ തെളിയുന്നു:-
എം. വി. എസ്സ്. എസ്സ്. ശ്രമങ്ങള്‍ തുടര്‍ന്നു. പട്ടികജാതി വികസന ഡയറക്ടര്‍ക്കു് നിവേദനം നല്‍കി. കോഴിക്കോടു് തഹസില്‍ദാരും ഡയറക്ടരോടു് പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞു. ഡയറക്ടര്‍ ഓഫീസ് കനിഞ്ഞു. ഡ വ എ3 20953/12 തീയ്യതി 26/09/2012 കത്തു് തഹസില്‍ദാര്‍ക്കു് അയച്ചു. ഇതില്‍ കേരള സര്‍ക്കാരിന്റെ 27/11/1991ലെ 13033/E2/90/SC.ST.DD. നമ്പര്‍ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തു് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. താലൂക്ക് ആപ്പീസ്സുകളില്‍ കെട്ടിക്കിടന്ന അപേക്ഷകളിന്മേല്‍ നടപടി തുടങ്ങി. സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമായി.
വീണ്ടും പൊല്ലാപ്പു്:-
പിതാവിന്റെ സര്‍ട്ടിഫിക്കറ്റുകളില്‍, “പെരുവണ്ണാന്‍” ജാതിപ്പേരു് ഗസറ്റ് വിജ്ഞാപനം വഴി തിരുത്തിയാല്‍ മാത്രമേ മക്കള്‍ക്കു് അര്‍ഹതപ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. എന്നാല്‍ പെരുവണ്ണാന്റെ കാര്യത്തില്‍ ഗസറ്റ് വിജ്ഞാപനം സര്‍ക്കാര്‍ മുമ്പേ നിര്‍ത്തല്‍ ചെയ്തിരുന്നു. അതു് പുനഃസ്ഥാപിച്ചു കിട്ടാന്‍ വേണ്ടി 08/04/2013നു് അച്ചടി വകുപ്പു് ഡയറക്ടര്‍ക്കു് അപേക്ഷ അയച്ചു. അച്ചടി വകുപ്പു് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടി. മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം, അനുമതി നിഷേധിച്ചു കൊണ്ടു്, മേല്‍ വകുപ്പിന്റെ അറിയിപ്പു് കിട്ടി. ഗതികെട്ടു, അവസാനം മുഖ്യമന്ത്രിയുടെ “സുതാര്യകേരളം” പരിപാടിയിലേക്കു് പരാതി അയച്ചു. പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പു് പച്ചക്കൊടി കാട്ടി: നം. 9948/ജി1/2013/പ.ജാ.പ.വ.വി.വ. തീയ്യതി 13/11/2013ലെ പ്രിന്റിങ് ഡയറക്ടര്‍ക്കുള്ള കത്തു്. തുടര്‍ന്നു് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കത്തും അച്ചടി വകുപ്പിന്റെ സര്‍ക്കുലറും! ഏറെ വര്‍ഷങ്ങളുടെ ഭഗീരഥപ്രയത്നം സഫലമായതില്‍ ആശ്വസിക്കാം.