മറ്റു പ്രവര്‍ത്തനമണ്ഡലങ്ങള്‍

മാനവ-വിജ്ഞാന സദ്‌ഭാവനാ ട്രസ്റ്റ്:-
സമുദായ സര്‍ട്ടിഫിക്കറ്റ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരക്കുകള്‍ക്കിടയിലും സംഘടന മറ്റു് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിച്ചു കൊണ്ടിരുന്നു. ഒരു ട്രസ്റ്റിനു് രൂപം കൊടുക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നു. പ്രൊഫസ്സര്‍ ഗോകുല്‍ദാസ്, പ്രൊഫസ്സര്‍ ദാസന്‍,     എം. വി. എസ്സ്. എസ്സിന്റെ സംസ്ഥാനഭാരവാഹികള്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു. അഡ്വ: എം. രഘൂത്തമന്‍, അഡ്വ: സിദ്ധാര്‍ത്ഥന്‍, ശ്രീ. എന്‍. അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നു് ട്രസ്റ്റ് ബൈലോവിനു രൂപം കൊടുത്തു. ശ്രീ. സി. നാരായണന്‍ കുട്ടി (നടുവട്ടം), പരേതനായ ബാലന്‍ (കോട്ടുപറ്റ) എന്നിവര്‍ ഈ രംഗത്തു് സ്തുത്യര്‍ഹമായ സേവനം നടത്തിയവരാണു്. അഭ്യസ്തവിദ്യരായവര്‍ക്കു് വൊക്കേഷണല്‍ ക്ലാസ്സുകള്‍, യുവതികള്‍ക്കു് തൊഴില്‍ പരിശീലനം, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്നു. സമുദായാംഗങ്ങളുടെ സഹകരണമാണു് ട്രസ്റ്റിന്റെ വിജയം. ആയിരം രൂപ മെമ്പര്‍ഷിപ്പും അമ്പതു രൂപ പ്രവേശന ഫീസും നല്‍കി ട്രസ്റ്റില്‍ മെമ്പര്‍ ആകാവുന്നതാണു്.

മംഗല്യ സഹായി:-

എം. വി. എസ്സ്. എസ്സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോടു് ജില്ലയില്‍ ഒരു മംഗല്യ സഹായി പ്രവര്‍ത്തിച്ചു വരുന്നുണ്ടു്. നരിക്കുനിയില്‍ പടനിലം റോഡിലുള്ള സംഘടനയുടെ ഓഫീസ്സിലാണു് ഈ സംവിധാനമുള്ളതു്. സമുദായത്തിലെ വിവാഹപ്രായമെത്തിയ യുവതീയുവാക്കള്‍ക്കു് വേണ്ടി ഇവിടെ രജിസ്റ്റര്‍ ചെയ്യാം. 500രൂപയാണു് രജിസ്ട്രേഷന്‍ ഫീസ്സ്‌. അപേക്ഷാ ഫോറം ഇതോടൊപ്പം നല്‍കിയതു് ഡൌണ്‍ലോഡ് ചെയ്തു് ഉപയോഗിക്കുകയോ ഓഫീസില്‍ വന്നു വാങ്ങുകയോ ചെയ്യാം. ബയോഡാറ്റ, ജാതകക്കുറിപ്പു്, ഫോട്ടോ എന്നിവ രജിസ്ട്രേഷനു് വരുമ്പോള്‍ കൊണ്ടുവരേണ്ടതാണു്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു് അവിടെ ബന്ധപ്പെട്ട ഫയല്‍ നോക്കി പറ്റിയ ബന്ധം തെരഞ്ഞെടുക്കാവുന്നതാണു്. മക്കളുടെ കാര്യത്തില്‍ നാടുനീളെ അന്വേഷിച്ചു നടക്കുന്ന രക്ഷിതാക്കള്‍ക്കു് ഇതൊരു ആശ്വാസം തന്നെയാണ്. ഓഫീസില്‍ വരുന്നവര്‍ താഴെക്കൊടുത്ത ഫോണ്‍നമ്പറില്‍ മുന്‍കൂട്ടി ബന്ധപ്പെടേണ്ടതാണു്:

9846680444, 9387044352.

അപേക്ഷാഫോറത്തിനു് ഇവിടെ ക്ലിക്കു് ചെയ്യുക: അപേക്ഷാഫോറം

തെയ്യം കലാകാരന്മാര്‍ക്കു് സഹായധനം:-
വടക്കേമലബാറിലെ തെയ്യം കലാകാരന്മാര്‍ക്കു് പെന്‍ഷന്‍ ഏര്‍പ്പെടുത്തിക്കിട്ടുന്നതിനു് സംഘടനയുടെ ആരംഭം മുതല്‍ നാം ശ്രമിച്ചു വന്നു. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പുമന്ത്രിക്കും നിവേദനം നല്‍കി, തുടര്‍പ്രവര്‍ത്തനം നടത്തി. പല വിധത്തിലുള്ള അന്വേഷണങ്ങള്‍ക്കുശേഷം, ഇക്കാര്യത്തില്‍ 2010ല്‍ ഉത്തരവിറങ്ങി. ദേവസ്വം ബോര്‍ഡ് മുഖേനയാണു് സഹായധനം നല്‍കി വരുന്നതു്.

അലക്കുതൊഴിലാളി ക്ഷേമനിധി:-
സംസ്ഥാനനേതൃത്വം, തിരുവനന്തപുരത്തു് ബന്ധപ്പെട്ട ഓഫീസില്‍ അന്വേഷണങ്ങള്‍ നടത്തുകയും ആവശ്യമായ വിവരങ്ങള്‍ ജില്ലാക്കമ്മിറ്റികള്‍ക്കു് നല്‍കുകയും ചെയ്തു. മലപ്പുറം ജില്ലയില്‍, കമ്മിറ്റി മെമ്പറായ, കെ. പി. ബാബുവിന്റെ നേതൃത്വത്തില്‍ ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടു്. ഏറെ മെമ്പര്‍മാര്‍ ക്ഷേമനിധിയുടെ ഗുണഭോക്തളാണു്.

പട്ടികജാതി – പട്ടികവര്‍ഗ്ഗ സംവരണ സംരക്ഷണസമിതി:-
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ പ്രതികൂലമായി ബാധിക്കുന്ന രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തുടങ്ങിയ കാര്യങ്ങളെ ഒന്നിച്ചു നേരിടണമെന്ന ഉദ്ദേശത്തോടെ രൂപം കൊടുത്തതാണു് മേല്‍പ്പറഞ്ഞ സമിതി. ബി. ജെ. പി. നേതാവായ  ശ്രീ. വി. മുരളീധരന്‍ വിലപ്പെട്ട ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കി. കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതികരിച്ചുകൊണ്ടു് കേരളത്തില്‍ നടത്തിയ മേഖലാ റാലികള്‍ വളരെ ശ്രദ്ധിക്കപ്പെട്ടു. സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാജ് ഭവന്‍ മാര്‍ച്ചിലും, ഡല്‍ഹിയില്‍ നടത്തിയ റാലിയിലും എം. വി. എസ്സ്. എസ്സിനെ പ്രതിനിധീകരിച്ചു കൊണ്ടു് പ്രസിഡണ്ട്‌ എം. രഘൂത്തമന്‍, സെക്രട്ടറി എന്‍. അശോകന്‍ എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട്ടു് നടന്ന ധര്‍ണ്ണയില്‍ നമ്മുടെ സംഘടനയില്‍ നിന്നു് മുപ്പതോളം പേര്‍ പങ്കെടുത്തിരുന്നു.

ഏകോപന സമിതി:-

എം. വി. എസ്സ്. എസ്സിന്റെ ആരംഭകാലം മുതലേ, തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവന്ന, കെ. പി. വി. എം. എസ്സിന്റെ നേതൃത്വവുമായി നാം തുടര്‍ച്ചയായി ബന്ധപ്പെട്ടു വന്നു. മദ്ധ്യ, തെക്കന്‍ കേരളത്തിലെ സമാനസമുദായ സംഘടനകളുടെ ഒരു ഏകോപന സമിതി  അനിവാര്യമാണെന്ന ആശയം രൂപം കൊണ്ടു. പതിനൊന്നോളം സംഘടനകളുടെ  നേതൃത്വങ്ങള്‍ ഒത്തുകൂടി. ആലോചനായോഗങ്ങള്‍ പലതവണ നടന്നു. എം. വി. എസ്സ്. എസ്സും അതില്‍ സജീവമായി പങ്കെടുത്തു. ഒരു ഭരണഘടനയ്ക്കു് രൂപം കൊടുക്കാന്‍ തീരുമാനമെടുത്തു. കരടുരേഖ തെയ്യാറാക്കി. ഈ അവസരത്തില്‍, കെ. പി. വി. എം. എസ്സിന്റെ നേതൃത്വമാറ്റം നടന്നു. പുതിയ നേതൃത്വം, ഏകോപനസമിതി എന്ന ആശയത്തിനു് വിരമാമിടുകയും ഏകസംഘടന എന്ന ആശയം മുന്നോട്ടുവെച്ചു കൊണ്ടു് ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍, സമിതി അംഗങ്ങള്‍ ആയിരുന്ന നാലു് സംഘടനകള്‍, വിട്ടു പോവുകയും അവര്‍ വി. പി. എം. എസ്സ്. എന്ന പേരില്‍ ഒന്നിച്ചു ചേര്‍ന്നു് ഒരു സംഘടനയായി തീരുകയും ചെയ്തു. ഏകോപനസമിതിയിലെ, ശേഷിച്ച ഏഴു സംഘടനകള്‍ യോജിച്ചു, സ്വജനസമുദായസഭ എന്ന പേരില്‍ ഒരു സംഘടനയായി മാറി. എം. വി. എസ്സ്. എസ്സ്., ഒന്നിലും ലയിക്കാതെ വിട്ടു നിന്നു. കാരണം, പ്രസ്തുത സംഘടനയ്ക്കു് അതിന്റേതു് മാത്രമായ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഏറെക്കാലമായി മലബാര്‍ പ്രദേശത്തെ മണ്ണാന്‍, വണ്ണാന്‍ സമുദായക്കാര്‍ അനുഭവിച്ചു വന്ന “പെരുവണ്ണാന്‍” പ്രശ്നത്തിനു് ശാശ്വതമായ പരിഹാരം തേടുന്ന പ്രവര്‍ത്തനത്തില്‍  സജീവമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു, സംഘടന. അതു് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ പറ്റില്ല. തെക്കന്‍ കേരളത്തിലെ സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം, “പെരുവണ്ണാന്‍” ഒരു പ്രശ്നമായിരുന്നില്ല. മാത്രമല്ല, പ്രസ്തുത സമുദായം സംവരണം അര്‍ഹിക്കാത്ത ഒരു വ്യാജസമുദായമാണെന്ന തെറ്റായ ധാരണയും അവര്‍ക്കു്  ഉണ്ടായിരുന്നു. കോട്ടയത്തും ഏറണാകുളത്തും മറ്റും ചേര്‍ന്ന പല യോഗങ്ങളിലും അതു് നിഴലിച്ചു. കെ. പി. വി. എം. എസ്സിന്റെ മുഖപത്രമായ സ്വജനമിത്രത്തില്‍ പോലും അത്തരം ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. കോട്ടയത്തു് വെച്ചു നടന്ന ഒരു യോഗത്തില്‍, ഇനി ഒരു സമുദായത്തെയും പട്ടികജാതിലിസ്റ്റില്‍ ചേര്‍ക്കരുതു് എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടു് പ്രമേയം പാസ്സാക്കുക പോലും ഉണ്ടായി. ഈ പരിതസ്ഥിതിയില്‍, എം. വി. എസ്സ്. എസ്സ്. മേല്‍പ്പറഞ്ഞ സംഘടനകളുമായി ലയനം നടത്തിയാല്‍ പെരുവണ്ണാന്‍ പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ പിന്തുണ ലഭിക്കുമെന്നു് കരുതാന്‍ വയ്യല്ലോ? അതുകൊണ്ടു് പെരുവണ്ണാന്‍ പ്രശ്നവും അതിനോടനുബന്ധിച്ചുള്ള ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതു വരെ സംഘടന സ്വതന്ത്രമായി പ്രവര്‍ത്തിക്കണം എന്ന തീരുമാനമാണു്, സംസ്ഥാന നേതൃത്വം കൈക്കൊണ്ടതു്. പെരുവണ്ണാനെ  പട്ടികജാതിയില്‍ പെടുത്തിയിട്ടില്ലെങ്കിലും എം. വി. എസ്സ്. എസ്സിന്റെ ഭരണഘടന പ്രകാരം അവര്‍ സംഘടനയുടെ അവിഭാജ്യഘടകമായിരുന്നു. എന്നാല്‍ പട്ടികജാതി സംഘടനകള്‍ എന്ന നിലയ്ക്കു് വി. പി. എം. എസ്സോ, സ്വജനസമുദായ സഭയോ അവരുടെ ഭരണഘടനകളില്‍ പെരുവണ്ണാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സാങ്കേതികമായി ഇതും ഒന്നിച്ചു നില്‍ക്കുന്നതിനു് ഒരു തടസ്സമായി. സ്വജനസമുദായ സഭയുടെ ഭരണഘടനാ ചര്‍ച്ച നടക്കവേ, അതില്‍ സജീവമായി പങ്കെടുത്തു പോന്ന എം. വി. എസ്സ്. എസ്സ്. നേതൃത്വ൦ ഈ കാര്യങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. സ്വജനസമുദായ സഭയില്‍ തല്ക്കാലം അംഗമാകാന്‍ കഴിയില്ലെങ്കിലും ഒരു പൂര്‍വകാല സൌഹൃദ സംഘടന എന്ന നിലയില്‍ ഏകോപനം ആഗ്രഹിക്കുന്നുവെന്നും സ്വജനസമുദായ സഭ അതിനു രംഗമൊരുക്കണമെന്നും  എം. വി. എസ്സ്. എസ്സ്. ആവശ്യപ്പെട്ടു. പക്ഷേ  ആ അഭ്യര്‍ത്ഥന വേണ്ടവിധം പരിഗണിക്കപ്പെട്ടു കണ്ടില്ല. ഇന്നു്, പെരുവണ്ണാന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. ഇനി, എം. വി. എസ്സ്. എസ്സ്. തനിച്ചു നില്‍ക്കുന്നതു് ഭൂഷണമല്ല.

 

ഒ. പി ശുക്ലാ കേസ്സ്:-

ഏകോപന സമിതിയുമായി, എം. വി. എസ്സ്. എസ്സ്. സഹകരിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കേ, ഒരു പ്രധാന സംഭവം നടന്നു. എം. വി. എസ്സ്. എസ്സ് പ്രസിഡണ്ടും സെക്രട്ടറിയും കിര്‍താഡ്സിലെ വിജിലന്‍സ് ഓഫീസര്‍, മണിഭൂഷണ്‍ സാറുമായി ഓഫീസ്സില്‍ ഒരു കാര്യം സംസാരിച്ചു കൊണ്ടിരിക്കേ, കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നു് പെന്‍ഷന്‍ പറ്റി പിരിഞ്ഞ, ഒ. പി. ശുക്ല എന്ന വ്യക്തി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഒരു കേസ്സിനെപ്പറ്റി സംസാരിച്ചു. അഖിലേന്ത്യാടിസ്ഥാനത്തില്‍, 24 പട്ടികജാതികളെയും, 14 പട്ടികവര്‍ഗ്ഗങ്ങളെയും പട്ടികയില്‍നിന്നു് പുറത്താക്കണമെന്നതാണു് അദ്ദേഹത്തിന്റെ ആവശ്യം. കേരളത്തില്‍ മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍, വേലന്‍ എന്നീ സമുദായങ്ങളാണു് ഉള്‍പ്പെടുക. കാര്യം ഗൌരവമുള്ളതാണു്. ഇത്രയും പറഞ്ഞപ്പോള്‍ പെറ്റീഷന്റെ ഒരു കോപ്പി ലഭിക്കാനുള്ള മാര്‍ഗ്ഗം ആരാഞ്ഞു. അദ്ദേഹം ഇന്റര്‍നെറ്റില്‍ നിന്നു് ആയതു സംഘടിപ്പിച്ചു തന്നു. ഞങ്ങള്‍ കാര്യങ്ങള്‍ പഠിച്ചു, പരസ്പരം ചര്‍ച്ച ചെയ്തു. ഏകോപന സമിതിയുടെ ശ്രദ്ധയില്‍ ഇതു് പെടുത്തണം എന്നു് തീരുമാനിച്ചു. മുന്‍മന്ത്രിയായ എം. എ. കുട്ടപ്പനുമായി കാര്യങ്ങള്‍ സംസാരിച്ചു; പെറ്റീഷന്റെ കോപ്പി ഇ-മെയില്‍ ആയി അയച്ചു; ഉടന്‍ ഏകോപന സമിതി ചേര്‍ന്നു് കാര്യം ചര്‍ച്ച ചെയ്യണമെന്നു് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഏറണാകുളത്തു് യോഗം ചേര്‍ന്നു് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കേസ്സ് കൌണ്ടര്‍ ചെയ്യണമെന്നു് ആവശ്യപ്പെട്ടു കൊണ്ടു്  മുഖ്യമന്ത്രിയ്ക്കു് നിവേദനം നല്‍കാനും, ഏകോപനസമിതിയ്ക്കു വേണ്ടി കേസ്സ് കൌണ്ടര്‍ ചെയ്യുന്നതിനു് സുപ്രീംകോടതിയില്‍ ഒരു വക്കീലിനെ ഏര്‍പ്പെടുത്താനും, ചെലവു ഏകോപന സമിതിയിലെ അംഗസംഘടനകള്‍ വഹിക്കാനും തീരുമാനിച്ചു. കേസ്സിനു് ആസ്പദമായ ലോക്കൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കോപ്പി കേരളത്തില്‍ ലഭിച്ചില്ല. ഒടുവില്‍, ശ്രീ. എം. എ. കുട്ടപ്പന്‍ ആയതു് ആന്ധ്രാപ്രദേശ് സെക്രട്ടറിയേറ്റില്‍ നിന്നു് സംഘടിപ്പിച്ചെടുത്തു. കേസ്സിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു സമിതിയെ നിശ്ചയിച്ചു. ജസ്റ്റിസ് ബാലകൃഷ്ണന്റെ മകനായ അഡ്വ: ജി. ഹരികുമാറിനെ കേസ്സ് ഏല്‍പ്പിച്ചു. കേസ്സ് മാസങ്ങള്‍ നീണ്ടു. ഒടുവില്‍ ഒ. പി. ശുക്ല ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍, കേസ്സ് പിന്‍വലിച്ചു കൊണ്ടു് പ്രശ്നം അവസാനിപ്പിച്ചു.

One thought on “മറ്റു പ്രവര്‍ത്തനമണ്ഡലങ്ങള്‍

  1. On the present pleasant context that the Peruvannan section has been shifted into the SC list of the Government, now one of the main domain of activity of the MVSS has to be strengthening the activities of the MVST. Acquiring some properties (either land or a building) to start some humble ventures such as LP/UP schools, Nurseries/day-care centres, old age homes, Ayurveda drug houses/medicinal plant gardens etc should be given priorities. For all these, the first step seems to be increasing the membership of the Trust s well as the MVSS. De-centralised units of the MVSS can definitely help attracting more people especially youngsters. Office bearers of the Trust make earnest attempts to initiate squad works to collect membership as well as donations to meet the financial needs of the SS/ST. Serious deliberations are to be conducted among the top-layer officials. Thanks.
    Prof. M. Gokuldas

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )