പെരുവണ്ണാന്റെ വ്യാകുലതകള്‍

വണ്ണാന്‍, മണ്ണാന്‍ എന്നിവ സമുദായപ്പേരുകളും പെരുവണ്ണാന്‍, പെരുമണ്ണാന്‍ എന്നിവ സ്ഥാനപ്പേരുകളുമാണു്. കാലക്രമത്തില്‍ സ്ഥാനപ്പേരുകളും ജാതിപ്പേരുകളായി ഉപയോഗിക്കപ്പെടുകയും ആയതു് അംഗീകരിക്കപ്പെടുകയും ചെയ്തു. ഈ നാലു ജാതി നാമങ്ങളും ഒരേ സമുദായത്തെ സൂചിപ്പിക്കുന്ന പര്യായപദങ്ങളാണു്. ഇവ വിവേചന രഹിതമായി പരസ്പരം മാറിമാറി ഉപയോഗിച്ചുവരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ പല രേഖകളിലും ഒരേ വ്യക്തി ഈ നാലു പര്യായ പദങ്ങളാലും പരാമര്‍ശിക്കപ്പെട്ടതിന്നു തെളിവുകളുണ്ടു്. ഒരേ മാതാപിതാക്കളുടെ മക്കള്‍ ഈ നാലു പേരുകളും ജാതിനാമമായി ഉപയോഗിച്ചുവന്നിട്ടുണ്ടു്.

സംഘം ശേഖരിച്ച തെളിവുരേഖകളുടെ പട്ടിക:-

a 001reda 001_2red

മേല്‍ പട്ടികയിലെ ഓരോ കുടുംബത്തെയും വ്യക്തികളെയും സംബന്ധിച്ച രേഖകള്‍:-

കുടുംബം 1

കുടുംബം 2

വ്യക്തി 1

വ്യക്തി 2

വ്യക്തി 3

വ്യക്തി 4

വ്യക്തി 5

വ്യക്തി 6

വ്യക്തി 7

തിരുവിതാംകൂര്‍, കൊച്ചി ഭാഗത്തു് 1930കളില്‍ മണ്ണാന്‍ വണ്ണാന്‍ പെരുമണ്ണാന്‍ ജാതിപ്പേരുകള്‍ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നു. സംവരണാനുകൂല്യം നേടിക്കൊണ്ടു്, വിദ്യാഭ്യാസരംഗത്തു് അവര്‍ പുരോഗതി നേടുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ വടക്കന്‍ ഭാഗമായ മലബാര്‍ പ്രദേശത്തു് മണ്ണാന്‍ വണ്ണാന്‍ സമുദായക്കാര്‍ക്കു് സംവരണം ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക മേഖലകളില്‍ അവര്‍ വളരെ പിന്നിലായിരുന്നു. അയിത്തജാതിക്കാര്‍ എന്ന നിലയ്ക്കു് അവര്‍ അവഗണിക്കപെട്ടു. ഇതു കണ്ടറിഞ്ഞ സമുദായ സ്നേഹികള്‍ സംഘടനകള്‍ രൂപീകരിക്കുകയും സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തങ്ങളുടെ സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനു നിവേദനം നല്‍കുകയും ചെയ്തു പോന്നു. കേരള സംസ്ഥാന രൂപീകരണത്തിനു് ശേഷം കേരള സര്‍ക്കാരിന്റെ 13/09/1958ലെ G.O. No: 1090 (Labour and Local Administration Department (Harijan Welfare B) ഉത്തരവില്‍ വണ്ണാന്‍, മണ്ണാന്‍, പതിയന്‍, വര്‍ണ്ണവര്‍ എന്നീ സമുദായപ്പേരുകള്‍ പെരുവണ്ണാന്‍ എന്നെഴുതി ബ്രാക്കറ്റ് ചെയ്യണമെന്നും അവര്‍ക്കു് പട്ടികജാതിക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുന്നുവെന്നും വ്യക്തമാക്കി.

a 001_36red

27/05/1959ലെ കേരള ഗസറ്റ് വിജ്ഞാപനം അനുസരിച്ചു് പെരുവണ്ണാന്‍ (വണ്ണാന്‍, മണ്ണാന്‍, പതിയന്‍, വര്‍ണവര്‍) എന്നിവര്‍ പട്ടികജാതി ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടു.

a 001_37red

മലബാര്‍ മേഖലയിലെ സമുദായ സംഘടനയും പെരുവണ്ണാന്‍ എന്ന ജാതിപ്പേരു് സ്വീകരിക്കുന്നതു് പ്രോത്സാഹിപ്പിച്ചു. വണ്ണാന്‍, മണ്ണാന്‍, പെരുമണ്ണാന്‍ ജാതിപേരുകള്‍ ചേര്‍ത്തു സ്കൂളുകളില്‍ ചേര്‍ന്നു് പഠനം നടത്തിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ രേഖകളില്‍ പെരുവണ്ണാന്‍ എന്നു് വ്യാപകമായി തിരുത്തപ്പെട്ട് “പെരുവണ്ണാന്‍” അക്ഷരാര്‍ഥത്തില്‍ വര്‍ദ്ധിച്ചു. സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനപ്രകാരം അനുവദിച്ച വണ്ണാന്‍, മണ്ണാന്‍, പെരുവണ്ണാന്‍, വര്‍ണ്ണവര്‍ സമുദായക്കാരുടെ സംവരണാനുകൂല്യം അധികം താമസിയാതെ റദ്ദാക്കപ്പെട്ടു. വിശ്വനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ ഒ. ഇ. സി. ലിസ്റ്റില്‍പ്പെടുത്തി, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ മാത്രം അനുവദിച്ചു. 1976ല്‍ മലബാര്‍ പ്രദേശത്തെ മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍ ജാതിക്കാരെ കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പെടുത്തി, പെരുവണ്ണാന്‍ ചേര്‍ക്കപ്പെട്ടില്ല. അവരെ ഒ. ബി. സി., ഒ. ഇ. സി. ലിസ്റ്റുകളില്‍ ചേര്‍ത്തു. ഒരേ സമുദായക്കാര്‍ക്കു് രണ്ടു് status നിലവില്‍ വന്നു. ഇതു് സാമൂഹ്യപ്രശ്നങ്ങള്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്നങ്ങള്‍ക്കും വഴിവെച്ചു.

പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ പര്യായപദമായ പെരുവണ്ണാന്‍ കൂടി പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെടണം. കേരള പെരുവണ്ണാന്‍ സംഘം സംസ്ഥാനസര്‍ക്കാരിന്നും കേന്ദ്രസര്‍ക്കാരിന്നും നിവേദനങ്ങള്‍ സമര്‍പ്പിച്ചു. പക്ഷേ, അവയൊന്നും ഫലപ്രദമായില്ല.

പെരുവണ്ണാന്റെ കാര്യത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ താലൂക്കാപ്പീസുകളില്‍ കുന്നുകൂടി. ഓരോ അപേക്ഷയും ഹരിജനക്ഷേമ വകുപ്പു് ഡയറക്‍ടര്‍ക്കു് അയക്കുകയും അവിടെ നിന്നു് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കിര്‍ത്താഡ്സിലേക്കും അയക്കുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കൂ. ഈ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍, ആവശ്യമായ സമയത്തിനുള്ളില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതാക്കി. സമുദായ സര്‍ട്ടിഫിക്കറ്റ് പ്രശ്നം രൂക്ഷമായി. പരാതികളുടെ പ്രവാഹമായി. പലരും കോടതിയെ സമീപിച്ചു. പ്രശ്നങ്ങള്‍ പഠിച്ചു് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കിര്‍ത്താഡ്സിനോടു് നിര്‍ദ്ദേശിച്ചു. കിര്‍ത്താഡ്സ് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന (ഇ) വകുപ്പു് 27/11/1991ലെ നമ്പര്‍ 13033/ഇ2/90/പ.ജാ.പ.വ.വി.വ സര്‍ക്കുലര്‍ ഇറക്കി. ഇതനുസരിച്ചു് സര്‍ട്ടിഫിക്കറ്റുകളില്‍ പെരുവണ്ണാന്‍ എന്നു് ജാതിപ്പേര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്കു് ആയതു തിരുത്തി വണ്ണാനോ മണ്ണാനോ ആകാവുന്നതാണു്. വിശദമായ അന്വേഷണം നടത്തി തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് വെച്ചു്, ഗസറ്റില്‍ പരസ്യം ചെയ്തു വേണം ജാതി തിരുത്താന്‍. ഓരോ വ്യക്തിയും ഏറെ പ്രയാസം നേരിട്ടു; കൂടാതെ സാമ്പത്തികഭാരവും.

കോട്ടക്കല്‍ ശങ്കരന്‍ വൈദ്യരുടെ പ്രവര്‍ത്തനങ്ങള്‍:-

യശഃശരീരനായ കോട്ടയ്ക്കല്‍ ശങ്കരന്‍ വൈദ്യര്‍ 1992ല്‍  പട്ടികജാതി പട്ടികവര്‍ഗ്ഗ സമിതി എന്നപേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. സമിതി കണ്‍വീനറായ വൈദ്യര്‍ 07/12/1992നു് ബഹുമാനപ്പെട്ട ഹരിജനക്ഷേമ വകുപ്പു് മന്ത്രി ശ്രീ. പന്തളം സുധാകരനു് ഒരു നിവേദനം നല്‍കി. പെരുവണ്ണാനെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സമുദായ സര്‍ട്ടിഫിക്കറ്റ് പ്രശ്നം പരിഹരിക്കല്‍ ആയിരുന്നു വിഷയം. നിവേദനം ഫലപ്രദമായില്ല. അടുത്ത വര്‍ഷം അദ്ദേഹം പെരുവണ്ണാന്‍ പ്രശ്നം പരിഹരിച്ചു കിട്ടുന്നതിനു വേണ്ടി ഹൈക്കോടതിയില്‍ OP No:13031/93 (B) നമ്പര്‍ പ്രകാരം കേസ് ഫയല്‍ ചെയ്തു. പ്രസ്തുത കേസ്സില്‍ ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍, പെരുവണ്ണാന്റെ ക്ലേശങ്ങള്‍ പരിഹരിക്കാനുതകുന്ന വിധത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ ചെയ്യണമെന്നു നിര്‍ദേശിച്ചു. 28/7/1995നു് കമ്മിറ്റി കണ്‍വീനര്‍, ശങ്കരന്‍ വൈദ്യര്‍ പെരുവണ്ണാനെ പട്ടികജാതി ലിസ്റ്റില്‍പ്പെടുത്താന്‍ വേണ്ടിയുള്ള നിവേദനം മുഖ്യമന്ത്രി ആന്റണിക്കു് സമര്‍പ്പിച്ചു, ഫലം കാണാതെ 28/12/1995നു്  മുഖ്യമന്ത്രിക്കു് ഒരിക്കല്‍ക്കൂടി നിവേദനം നല്കി. മന്ത്രിസഭ മാറിയശേഷം, 14/08/1996നു് അന്നത്തെ മുഖ്യമന്ത്രി, ഇ. കെ. നായനാര്‍ക്കു് വീണ്ടുമൊരു നിവേദനം നല്‍കി. കേരളസര്‍ക്കാര്‍, പെരുവണ്ണാനെപ്പറ്റിയുള്ള പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കിര്‍ത്താഡ്സിനു് നിര്‍ദ്ദേശം നല്‍കി.

ഏഴു കൊല്ലത്തെ അജ്ഞാതവാസം:-

കിര്‍ത്താഡ്സില്‍ നിന്നു് അയച്ചുകിട്ടിയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി, സംസ്ഥാനസര്‍ക്കാര്‍ പെരുവണ്ണാനെ പട്ടികജാതി ലിസ്റ്റില്‍ ചേര്‍ക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ആയതു പരിഗണിച്ചു, മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ്‌ എംപവര്‍മെന്റിനു് പെരുവണ്ണാനെ ശുപാര്‍ശ ചെയ്തു. ശുപാര്‍ശ പരിശോധിക്കവെ, സംസ്ഥാനസര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലെ പരസ്പരവിരുദ്ധമായ വാചകങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ആയതു് അടിവരയിട്ടു പെരുവണ്ണാനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടു് കേരളസര്‍ക്കാരിനു കത്തയച്ചു. പക്ഷേ, കേരളസര്‍ക്കാര്‍ മറുപടി അയക്കുന്നതില്‍ അലംഭാവം കാട്ടി. കേന്ദ്ര മന്ത്രാലയം 12/12/2000, 10/09/2001, 25/11/2001, 01/04/2002, 17/05/2002 എന്നീ തീയ്യതികളിലായി ഡി. ഒ. ലെറ്ററുകളും റിമൈന്‍ഡറുകളുമായി മൊത്തം അഞ്ചു കത്തുകള്‍ അയച്ചു. ഒടുവിലായി അയച്ച കത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ഗൌരവമായി കാണുന്നില്ലെന്നു് കരുതുന്നുവെന്നും ഫയല്‍ ക്ലോസ് ചെയ്യാന്‍ പോവുകയാണെന്നും എഴുതിയതായിക്കാണുന്നു. നിവേദനത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്തെന്നറിയാതെ, ശങ്കരന്‍ വൈദ്യര്‍ വീണ്ടും കോടതിയെ സമീപിച്ചു.

എം. വി. എസ്സ്. എസ്സ്. രംഗപ്രവേശം ചെയ്യുന്നു:-

2004ല്‍ മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം നിലവില്‍ വന്നു. ഏറെക്കാലമായി സമുദായാംഗങ്ങളെ പ്രതികൂലമായി ബാധിച്ചുവരുന്ന പെരുവണ്ണാന്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനവകുപ്പു് മന്ത്രി, മലബാര്‍ മേഖലയിലെ എം. പിമാര്‍ എന്നിവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കി. രൂക്ഷമായ സമുദായ സര്‍ട്ടിഫിക്കറ്റ് പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരുന്നു. 2005ല്‍ വിവരാവകാശ നിയമം നിലവില്‍ വന്നു. അതോടെ എവിടെയാണു് കാര്യങ്ങളുടെ കിടപ്പെന്നും മുടക്കെന്നും അറിയാനും, പരിഹാരനടപടികള്‍ കൈക്കൊണ്ടു് കാര്യങ്ങള്‍ വേഗത്തിലാക്കാനും സാധിച്ചു.

re_hhj

ഭാരവാഹികള്‍ ഡല്‍ഹിക്കു്:-

പ്രാദേശികമായി നടത്തിയ ഇടപെടലുകള്‍ക്കു് ഫലം കാണാതെ, 21/02/2007നു് ഞങ്ങള്‍ സംഘം പ്രസിഡണ്ട്‌ എം. രഘൂത്തമന്‍, വൈസ് പ്രസിഡണ്ട് കെ. വേണുഗോപാല്‍, സെക്രട്ടറി എന്‍. അശോകന്‍ എന്നിവര്‍ സാമൂഹികനീതി ശാക്തീകരണ മന്ത്രിക്കു നിവേദനം നല്‍കാന്‍ ഡല്‍ഹിക്കു് പോയി. ബഹുമാനപ്പെട്ട പ്രൊഫ: പി. അച്ചുതനും ഡല്‍ഹിയില്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിമാരായ എ. കെ. ആന്റണി, വയലാര്‍ രവി, ഇ. അഹമ്മദ്‌, എം. പിമാരായ പി. ജെ. കുര്യന്‍, അബ്ദുല്‍ വഹാബ് എന്നിവര്‍ മുഖേന, ബന്ധപ്പെട്ട കേന്ദ്രമന്ത്രി മീരാകുമാറിനു് നിവേദനം നല്‍കി. കൂടാതെ, ബന്ധപ്പെട്ട വകുപ്പു് ഡയറക്ടറെ കണ്ടു പ്രശ്നങ്ങള്‍ വിശദമായി സംസാരിച്ചു. അദ്ദേഹം, ജോയിന്റ് ഡയറക്ടറുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പെരുവണ്ണാന്റെ കാര്യത്തില്‍ ഓഫീസില്‍ ഒരു ഫയല്‍ നിലവിലുണ്ടെന്നും, ഒരു ശങ്കരന്‍ വൈദ്യരുടെ പേരു് അതില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അറിയിച്ചു. രേഖകള്‍ അനുസരിച്ചു് പെരുവണ്ണാനെ 2002ലെ ഭരണഘടനാ ഭേദഗതി ലിസ്റ്റില്‍ ചേര്‍ക്കത്തക്കവിധം സാമൂഹിക നീതി-ശാക്തീകരണ വകുപ്പു് മന്ത്രിക്കു് ശുപാര്‍ശ ചെയ്തു് അയച്ചിട്ടുണ്ടെന്നും, പിന്നീടു് എന്തു സംഭവിച്ചു എന്നറിയില്ലെന്നും ഞങ്ങളോടു് പറഞ്ഞു. വിലപ്പെട്ട വിവരങ്ങള്‍ നല്‍കിയതിനു നന്ദി പറഞ്ഞുകൊണ്ടു് പിരിഞ്ഞു. കേരളത്തില്‍ തിരിച്ചെത്തിയ ശേഷം “ശങ്കരന്‍ വൈദ്യരെ”പ്പറ്റി അന്വേഷിച്ചു. ആള്‍, കോട്ടയ്ക്കല്‍ ശങ്കരന്‍ വൈദ്യര്‍ ആണെന്നറിഞ്ഞു. എം. വി. എസ്സ്. എസ്സ്. ഭാരവാഹികളായ അഡ്വ: എം. രഘൂത്തമന്‍, എന്‍. അശോകന്‍ മാസ്റ്റര്‍, എം. വാസന്‍ മാസ്റ്റര്‍ എന്നിവര്‍ കോട്ടയ്ക്കല്‍ പോയി ശങ്കരന്‍ വൈദ്യരെ കണ്ടു. അദ്ദേഹം നടത്തിയ സേവനങ്ങള്‍ അറിഞ്ഞു ഞങ്ങള്‍ കൈകൂപ്പി. സമുദായ സംഘടന നിലവില്‍ വന്ന സ്ഥിതിയ്ക്കു് ഇനിയുള്ള കാര്യങ്ങള്‍ സംഘടന നടത്തുന്നതാണുചിതമെന്നു പറഞ്ഞുകൊണ്ടു്, അദ്ദേഹം ഹൈക്കോടതിയില്‍ നടത്തിവരുന്ന കേസ് ഫയല്‍ അടക്കം എല്ലാ രേഖകളും ഞങ്ങളെ ഏല്‍പിച്ചു.

OP No: 3750/1997കേസ്സും വിധിയും:-

ശങ്കരന്‍ വൈദ്യര്‍ നടത്തിവന്ന കേസ്സ് സംഘടന ഏറ്റെടുത്തു. പ്രസിഡണ്ട്‌ രഘൂത്തമനും സെക്രട്ടറി അശോകനും കൂടി വക്കീല്‍, ചന്ദ്രശേഖരനെ ചെന്നു കണ്ടു. നിവേദനത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു് കിട്ടിയ വിവരം പങ്കുവെച്ചു. അദ്ദേഹം ആവശ്യപ്പെട്ട കൂടുതല്‍ രേഖകള്‍ സംഘടിപ്പിച്ചു നല്‍കി. കേസ്സ് തുടര്‍ന്നു് നടത്താന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. പെരുവണ്ണാന്റെ കാര്യത്തില്‍ സ്വീകരിച്ച അവസാനത്തെ നടപടികള്‍ സംബന്ധിച്ച രേഖകള്‍ കോടതി കേന്ദ്രത്തോടു് ആവശ്യപ്പെട്ടു. കേസ്സ് നീണ്ടു. കേന്ദ്രസര്‍ക്കാരില്‍ നിന്നു് അയച്ചുകിട്ടിയ രേഖകള്‍ കോടതി പരിശോധിച്ചു. ഒടുവില്‍ 03/01/2008നു് ബഹു: ജസ്റ്റിസ് എച്ച്. എല്‍. ദത്തു, ജസ്റ്റിസ് കെ. എം. ജോസഫ് എന്നിവര്‍ വിധി പ്രസ്താവിച്ചു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കിര്‍ത്താഡ്സില്‍ നിന്നു് ലഭ്യമാക്കാനും, അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനു നല്‍കാനും വിധിന്യായത്തിലൂടെ കോടതി കേരള സര്‍ക്കാറിനു് നിര്‍ദ്ദേശം നല്‍കി.

കിര്‍ത്താഡ്സ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു:-

കോടതിവിധിയനുസരിച്ചു് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ വെളിച്ചത്തില്‍ കിര്‍ത്താഡ്സ് പെരുവണ്ണാനെ സംബന്ധിച്ചു് ആവശ്യപ്പെട്ട റിപ്പോര്‍ട്ടു് തയ്യാറാക്കി സര്‍ക്കാരിനു് സമര്‍പ്പിച്ചു. അതിന്റെ കോപ്പി സംഘടന കൈപ്പറ്റി. ഒരു മാസം കഴിഞ്ഞു സെക്രട്ടേറിയേറ്റില്‍ അന്വേഷിച്ചപ്പോള്‍ റിപ്പോര്‍ട്ട് അവിടെ ലഭിച്ചില്ലെന്നാണു് അറിയാന്‍ കഴിഞ്ഞതു്. വകുപ്പു് സെക്രട്ടറിയെ കണ്ടു് പരാതിപ്പെട്ടു. കിര്‍ത്താഡ്സില്‍ നിന്നു് റിപ്പോര്‍ട്ടിന്റെ കോപ്പി വീണ്ടും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ഏറെത്താമസിയാതെ കിര്‍ത്താഡ്സ് റിപ്പോര്‍ട്ടിന്റെ കോപ്പി അയച്ചു.

സര്‍ക്കാരില്‍ നിവേദനവും സമ്മര്‍ദ്ദവും:-

കിര്‍ത്താഡ്സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു്, ആറു മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രസര്‍ക്കാരിലേക്കയക്കാതിരുന്നതിനാല്‍ വകുപ്പുമന്ത്രിക്കു് വീണ്ടും നിവേദനം സമര്‍പ്പിച്ചു, ആയതിനും ഫലം കാണാതിരുന്നപ്പോള്‍, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവു് ഉമ്മന്‍ചാണ്ടി, എം. എല്‍. എ. ആര്യാടന്‍ മുഹമ്മദ്‌ എന്നിവര്‍ മുഖേന കത്തുകളയച്ചു. ബഹുമാനപ്പെട്ട എം. എല്‍. എ. പള്ളിപ്രം ബാലന്‍ മുഖേന അസംബ്ലിയില്‍ സബ്ബ്മിഷന്‍ അവതരിപ്പിച്ചു. ഒടുവില്‍, ഡല്‍ഹിക്കു് റിപ്പോര്‍ട്ട് പോയി, ആയതിന്റെ ഒരു കോപ്പി സംഘടനയ്ക്കും ലഭിച്ചു.

ഡല്‍ഹിക്ക് അയച്ച റിപ്പോര്‍ട്ട്:-

വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ച റിപ്പോര്‍ട്ടിന്റെ നിജഃസ്ഥിതി അന്വേഷിച്ചു. റിപ്പോര്‍ട്ട് അവിടെ ലഭിച്ചിട്ടില്ലെന്നു് അറിവു ലഭിച്ചു. ഡല്‍ഹിയില്‍ നിന്നു് ലഭിച്ച കത്തുമായി വീണ്ടും സംസ്ഥാനസര്‍ക്കാരിനെ സമീപിച്ചു; അപേക്ഷ നല്‍കി. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷം റിപ്പോര്‍ട്ടിന്റെ കോപ്പി വീണ്ടും ഡല്‍ഹിക്കു് അയച്ചു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പെരുവണ്ണാന്റെ കാര്യത്തില്‍ തടസ്സം സൃഷ്ടിക്കുന്ന ഏതോ ഒരു അദൃശ്യഹസ്തം സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു് പലപ്പോഴും തോന്നിയിട്ടുണ്ടു്. ബഹു. എം പി ക്കും റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പു് സംഘം സമര്‍പ്പിച്ചു. 08/09/2010നു് കേരളസര്‍ക്കാര്‍ അയച്ച റിപ്പോര്‍ട്ട് സാമൂഹികനീതി ശാക്തീകരണ വകുപ്പു് പഠിക്കുകയും അവരുടെ അഭിപ്രായം രേഖപ്പെടുത്തി 23/03/2011നു് റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ(ആര്‍. ജി. ഐ)യ്ക്കു് അയക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ കഴിഞ്ഞു് ആര്‍. ജി. ഐ. അനുകൂലമായ അഭിപ്രായത്തോടെ പട്ടികജാതി നാഷണല്‍ കമ്മീഷന്റെ പരിഗണനയ്ക്കു് അയച്ചു. പട്ടികജാതി നാഷണല്‍ കമ്മീഷന്‍(ദല്‍ഹി) രേഖകള്‍ പരിശോധിക്കവേ, പട്ടികജാതി നാഷണല്‍ കമ്മീഷന്‍ (കേരള) ഘടകത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേരള ഘടകം അനുകൂലമായ റിപ്പോർട്ട് പട്ടികജാതി നാഷണല്‍ കമ്മീഷന്‍(ദല്‍ഹി)നു് അയച്ചു. തുടർന്നു് പട്ടികജാതി നാഷണല്‍ കമ്മീഷന്‍(ദല്‍ഹി) കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞു.

ഭീതിയോ അനാസ്ഥയോ അവഗണനയോ?:-

കേന്ദ്ര പട്ടികജാതി കമ്മീഷന്റെ കത്തു ലഭിച്ച കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍, മലബാറിലെ ഏതാനും ജില്ലകളില്‍ സിറ്റിങ് നടത്തി; മണ്ണാന്‍, വണ്ണാന്‍ സമുദായക്കാര്‍ ഹാജരാകണമെന്നു് പത്രങ്ങളിലൂടെ അറിയിപ്പുനല്കി. കണ്ണൂരും വടകരയിലും വെച്ചു നടത്തിയ സിറ്റിങ്ങില്‍ ഹാജരയവരെല്ലാം തെളിവെടുപ്പിന്റെ ഭാഗമായി കമ്മീഷന്‍ നല്‍കിയ ചോദ്യാവലികള്‍ പൂരിപ്പിച്ചു നല്‍കി. എം. വി. എസ്സ്. എസ്സ്. സെക്രട്ടറി, കണ്ണൂരില്‍ വെച്ചു നടത്തിയ സിറ്റിങ്ങിലും പ്രസിഡണ്ട്‌, വടകര വെച്ചു നടത്തിയ കമ്മീഷന്റെ സിറ്റിങ്ങിലും പങ്കെടുത്തു് വിശദവിവരങ്ങളും തെളിവുരേഖകളും നല്കി. തെളിവെടുപ്പിനിടയില്‍, ചില പിന്തിരിപ്പന്‍ സംഘടനാനേതൃത്വങ്ങള്‍ പെരുവണ്ണാനെ പട്ടികജാതി ലിസ്റ്റില്‍ പെടുത്തുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി. രണ്ടു് സംഘടനകള്‍ പിന്നീടു് നിവേദനങ്ങള്‍ നല്‍കി.

തെളിവെടുപ്പു് നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റേറ്റ് കമ്മീഷന്‍ കേന്ദ്ര കമ്മീഷനു് നല്‍കേണ്ടുന്ന റിപ്പോര്‍ട്ടു് നല്‍കിയില്ല.

re_jg001

അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതു്, രണ്ടു് സംഘടനകള്‍ സമര്‍പ്പിച്ച നിവേദനങ്ങളാണു് കാരണം എന്നതാണു്. നീതിപീഠങ്ങളുടെ വിധികളും കിര്‍ത്താഡ്സിന്റെ ആധികാരികമായ റിപ്പോര്‍ട്ടും കണക്കറ്റ തെളിവുരേഖകളും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയും അവഗണിച്ചു പ്രവര്‍ത്തിക്കാന്‍ കമ്മീഷനെ പ്രേരിപ്പിച്ച നിവേദനങ്ങളിലെ യുക്തിയെന്തെന്നറിയണം എന്നായി. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിവേദനങ്ങളുടെ കോപ്പികള്‍ കൈപ്പറ്റി. കമ്മീഷനു് സമര്‍പ്പിച്ച തെളിവു് രേഖകളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചു് കേന്ദ്ര കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് കഴിയുന്നത്ര വേഗത്തില്‍ അയയ്ക്കണമെന്നു് ആവശ്യപ്പെട്ടുകൊണ്ടു് എം. വി. എസ്സ്. എസ്സ്., സ്റ്റേറ്റ് കമ്മീഷനു് നിവേദനം നല്‍കി. ഏകോപനസമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വന്ന സ്വജനസമുദായസഭ പ്രസിഡണ്ട്‌ ശ്രീ. ടി. എ. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ശ്രീ. പി. എന്‍. സുകുമാരന്‍ എന്നിവരും എം. വി. എസ്സ്. എസ്സിനു് പിന്തുണ നല്‍കിക്കൊണ്ടു് സ്റ്റേറ്റ് കമ്മീഷനു് നിവേദനം നല്‍കി.

Organisation for Genuine SC/ST in the State of Kerala പ്രസിഡണ്ട്‌ ഡോ: രാജന്‍ ബാബുവും, എസ്. സി., എസ്. ടി. വിദ്യാഭ്യാസ സമിതി കണ്‍വീനര്‍, ശ്രീ. ഗീതാനന്ദനും ആണു് പെരുവണ്ണാനെ പട്ടികജാതി ലിസ്റ്റില്‍ പെടുത്തുന്നതില്‍ പരാതി ഉന്നയിച്ചതു്.

re_oi001

re_jh001

re_ll001

അവരുടെ അവകാശവാദങ്ങള്‍ എല്ലാം യുക്തിപൂര്‍വ്വം ഖണ്ഡിച്ചു കൊണ്ടും, തെളിവുകള്‍ സഹിതവും കൌണ്ടര്‍ പോയിന്റുകള്‍ തയ്യാറാക്കി, കമ്മീഷനെ സമീപിച്ചു. കൌണ്ടര്‍ ചെയ്യാനുള്ള അവസരം നല്‍കണമെന്നപേക്ഷിച്ചു. രണ്ടു പ്രാവശ്യം ഡേറ്റ് തന്നു. രണ്ടു പ്രാവശ്യവും ഹാജരായെങ്കിലും കൌണ്ടര്‍ ചെയ്യാന്‍ അവസരം നിഷേധിച്ചു. നാഷണല്‍ കമ്മീഷന്റെ മുമ്പില്‍ നേരിട്ടു് ഹാജരായി തെളിവു് നല്‍കാന്‍ ഉപദേശിച്ചു. നാഷണല്‍ കമ്മീഷനു് മുന്നില്‍ അവതരിപ്പിക്കാനുള്ള കാര്യങ്ങള്‍ രേഖാമൂലം എഴുതിത്തയ്യാറാക്കി, ആവശ്യമായ തെളിവുരേഖകള്‍ സഹിതം രജിസ്ട്രേഡ് പോസ്റ്റ്‌ ആയി അയച്ചു.

കേന്ദ്രമന്ത്രിയ്ക്കു് നിവേദനം:-

ഒരു കൊല്ലത്തിലധികമായി കേന്ദ്ര പട്ടികജാതി കമ്മീഷന്റെ ഓഫീസില്‍ തങ്ങികിടന്ന പ്രൊപ്പോസല്‍ നടപടികള്‍ ത്വരിതപ്പെടുത്തിക്കിട്ടുന്നതിനു് ബന്ധപ്പെട്ട കേന്ദ്രമന്ത്രിക്കു് ബി. ജെ. പി.യുടെ സംസ്ഥാനഭാരവാഹികള്‍ മുഖേന നിവേദനം നല്‍കി.

അംഗീകാരം:-

ഏറെത്താമസിയാതെ പെരുവണ്ണാന്റെ കാര്യത്തില്‍ മന്ത്രിസഭാതീരുമാനവും പാര്‍ലമെന്റിലെ ബില്ല് അവതരണവും നടന്നു. 2016 മെയ് 6നു് ബില്ലിനു് പ്രസിഡണ്ടിന്റെ അംഗീകാരം ലഭിച്ചു, തുടര്‍ന്നു് മൂന്നാം ദിവസം മെയ് 9നു്  ഭാരത റിപ്പബ്ലിക്കിന്റെ ഗസറ്റില്‍ പ്രസ്തുത ബില്ലു് വിജ്ഞാപനം ചെയ്യപ്പെട്ടു് നിയമമായി. 1976 മുതല്‍ മലബാര്‍ മേഖലയിലെ മണ്ണാന്‍, വണ്ണാന്‍ സമുദായക്കാര്‍ അനുഭവിച്ചുവന്ന വിവേചനത്തിന്നു വിരാമമായെന്നു് ആശ്വസിക്കാം!

മന്ത്രിസഭാതീരുമാനം സംബന്ധിച്ചു് 2015 ഡിസംബര്‍ 16നു് ടി.വി.യില്‍ വന്ന ഫ്ലാഷ് ന്യൂസ്

dec_16_2015_flashnewsdec_16_2015_flashnews2

ബില്ല് രാജ്യസഭ പാസ്സാക്കിയതായി പത്രവാര്‍ത്ത:

IMG_20160430_141157s

പെരുവണ്ണാനെ പട്ടികജാതിയില്‍ ചേര്‍ത്തുകൊണ്ടുള്ള കേന്ദ്രവിജ്ഞാപനം താഴെ കണ്ണിയില്‍:

പെരുവണ്ണാനെ പട്ടികജാതിയില്‍ ചേര്‍ത്തുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം

കേന്ദ്രവിജ്ഞാപനത്തിന്റെ അസ്സല്‍ കണ്ണി

സംസ്ഥാനസര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍

sc_st_dev_department_order_1

4 thoughts on “പെരുവണ്ണാന്റെ വ്യാകുലതകള്‍

  1. പ്രവർത്തകരുടെ നിശ്ചയതാർഢ്യത്തെ
    എത്ര അഭിനന്ദിച്ചാലും മതിയാവില്ല
    നേതൃത്വത്തിനും അനുയായികൾകും
    ഒരായിരം നന്ദി 🙏🙏🙏🙏

    Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )