മുതലക്കുളം ധോബികാനയും കുറെ ജീവിതങ്ങളും

മുതലക്കുളം കുടിയൊഴിപ്പിക്കല്‍ സംഭവം നടന്നിട്ടു് ഇരുപത്തിനാലു വര്‍ഷം കഴിഞ്ഞു. അമിതാഭ് കാന്ത് കോഴിക്കോടു് ജില്ലാ കളക്ടര്‍ ആയിരുന്ന കാലത്താണു് അതു നടന്നതു്. അന്നൊരു ഒഴിവുദിവസമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളും സര്‍ക്കാര്‍ ഒഴിവു്. അന്നേദിവസം അതിരാവിലെ, ഏതാനും ജെ. സി. ബി. കള്‍ വന്നു് മുതലക്കുളം മൈതാനിയുടെ തെക്കുവശത്തു് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ കുടിപാര്‍പ്പുകാരായി കഴിയുന്നവരുടെ പതിമൂന്നോളം വീടുകള്‍ തട്ടിനിരത്തി. താമസക്കാര്‍ക്കു് പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ നീതിപീഠങ്ങളെ അഭയം പ്രാപിക്കാനോ അവസരം നല്‍കാത്തവിധം അധികൃതര്‍ പ്ലാന്‍ ചെയ്തു നടപ്പാക്കിയ ഒരു കുടിയൊഴിപ്പിക്കല്‍! വീട്ടുകാര്‍ പ്രാണനും കൊണ്ടു് ഓടി. വീട്ടുസാമാനങ്ങള്‍, പല സ്ഥലത്തായി തട്ടിക്കൂട്ടിയിട്ടതു് വാരിയെടുത്തു് മാറിനിന്നു.

ഏതാനും ദിവസം കൊണ്ടു് ടൌണില്‍, മറ്റൊരിടത്തും കാണാത്തവിധം അവിടെ റോഡുകള്‍ വീതി കൂട്ടി. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കു്, ടൌണില്‍ ഫ്ലാറ്റു നിര്‍മ്മിച്ചു കൊടുക്കുമെന്നു്, കോര്‍പ്പറേഷന്‍ അധികൃതര്‍  വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, കാല്‍ നൂറ്റാണ്ടായിട്ടും, നാം തെരഞ്ഞെടുത്തു് അധികാരത്തിലേറ്റിയവര്‍  വാഗ്ദാനം പാലിച്ചില്ല. പാവങ്ങളും, അസംഘടിതരുമായതിനാല്‍ പ്രതികരിക്കാന്‍ കഴിയാതെ, നഗരത്തിലെ   വൃത്തികെട്ട ചതുപ്പുനിലങ്ങളില്‍ തട്ടിക്കൂട്ടിയ തകരഷെഡുകളിലേക്കു് അവരെ മാറ്റി. കുറെ കുടുംബങ്ങള്‍ കല്ലുത്താന്‍ കടവിലും, കുറേപേര്‍ വെസ്റ്റ്‌ ഹില്ലിലും. വെള്ളമില്ല, വെളിച്ചമില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കക്കൂസ്സോ കുളിമുറിയോ ഇല്ല. അച്ഛനും, അമ്മയും മകനും ഭാര്യയും കുട്ടികളും എല്ലാം ഒറ്റമുറിയില്‍. ചുറ്റിലും കൊതുകു നിറഞ്ഞ മലിനജലം കെട്ടി നില്‍ക്കുന്നു. ദുരിതപൂര്‍ണ്ണമായ ദിനങ്ങള്‍ തള്ളിനീക്കുകയാണവര്‍. ഫ്ലാറ്റു കിട്ടുമെന്ന പ്രതീക്ഷയോടെ.

ഫ്ലാറ്റു നിര്‍മ്മാണം നടക്കാത്തതു്, ചില സാങ്കേതികതടസ്സങ്ങള്‍ മൂലമാണത്രെ. ഈ സാങ്കേതിക തടസ്സങ്ങള്‍ ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്തതാണോ? ജനസേവകരായ കൌണ്‍സിലര്‍മാരും എം. എല്‍. എ. മാരും മന്ത്രിമാരും സര്‍ക്കാര്‍ വകുപ്പുകളും മനസ്സുവച്ചാല്‍ തീര്‍ക്കാന്‍ കഴിയാത്തതാണോ ഈ സാങ്കേതികം? റോഡിനു വീതി കൂട്ടി, പരിഷ്കാരങ്ങള്‍ വരുത്തുന്നതു നല്ലതു തന്നെ; പക്ഷേ, അതിനുവേണ്ടി  പാവങ്ങളുടെ വീടുകള്‍ തട്ടിനിരത്തുമ്പോള്‍ അവരുടെ പുനരധിവാസം കൂടി ഉറപ്പു വരുത്തേണ്ടതല്ലേ?

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളും മുതലക്കുളവും തമ്മില്‍ ഏറെക്കാലത്തെ ബന്ധമുണ്ടു്. പല സായാഹ്നങ്ങളിലും രാഷ്ട്രീയസാംസ്കാരിക വേദികള്‍ ഒരുക്കുന്ന കോഴിക്കോടു് മുതലക്കുളം മൈതാനം മുന്‍പു് സാമൂതിരി രാജാവിന്റെ കോട്ടയും കിടങ്ങും സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നു. പിന്നീടു് അവിടെ കുളവും മൈതാനവും നിലവില്‍വന്നു. വറ്റാത്ത ജലസ്രോതസ്സിന്റെ സാന്നിധ്യമുണ്ടായിരുന്ന അവിടം ബ്രിട്ടിഷുകാരുടെ കാലത്തു് ധോബികള്‍ക്കു് അലക്കുതൊഴില്‍ ചെയ്യുന്നതിനും താമസിക്കുന്നതിനും അനുവദിക്കപ്പെട്ടു. “ധോബി കാന” എന്ന പേരിലാണു് ആ സ്ഥലം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതു്. ധോബികള്‍, പട്ടണത്തിലെ ആസ്പത്രികളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നും മറ്റും വിഴുപ്പുവസ്ത്രങ്ങള്‍ ശേഖരിച്ചു,, ആ കാനയിലെ വെള്ളത്തില്‍ അലക്കുകയും തൊട്ടടുത്ത മൈതാനത്തു് ഉണക്കുകയും ചെയ്തു പോന്നു. അവരുടെ ഒരു കുടുംബക്ഷേത്രവും അടുത്തുണ്ടു്. ഇന്നു് കാണുന്ന മൈതാനമായി ആ സ്ഥലം നികത്തിയെടുത്തതില്‍ ധോബി കുടുംബങ്ങളുടെയും കൂടി വിയര്‍പ്പു് ഒഴുകിയിട്ടുണ്ടു്. സ്ഥലം മൈതാനമായി മാറിയതോടെ, കുളം കിണറുകളിലേക്കു് ചുരുങ്ങി. ധോബികാനയുടെ വടക്കുഭാഗത്താണു് കിണറുകള്‍ സ്ഥിതി ചെയ്യുന്നതു്. ഈ കിണറുകളില്‍ നിന്നു് വെള്ളമെടുത്താണു് ഇന്നു് അലക്കുജോലി നിര്‍വഹിക്കുന്നതു്. വസ്ത്രങ്ങള്‍ ഉണക്കിയെടുക്കുന്നതിന്നു് ഈ മൈതാനം മാത്രമാണു് ടൌണില്‍ ആശ്രയം.

മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തായി രണ്ടു് സ്റ്റേജുകളും പടിഞ്ഞാറു ഭാഗത്തു് ടെലിഫോണ്‍ എക്‍സ്ചേഞ്ചും നിര്‍മ്മിക്കപ്പെട്ടത്തോടെ മൈതാനത്തിന്റെ വിസ്തൃതി കുറഞ്ഞു. വ്യാപാരമേളകളുടെയും മറ്റും ഭാഗമായി പലപ്പോഴും മൈതാനത്തിന്റെ തെക്കുഭാഗത്തു് ഷെഡ്ഡുകള്‍ ഉയര്‍ന്നുവരും. ഓണം, ബക്രീദ് കാലങ്ങളില്‍ ഇവിടെ സംഘടിപ്പിക്കപ്പെടുന്ന ഭക്ഷ്യമേളകള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഷെഡ്ഡുകളുടെ പിന്നില്‍ മൈതാനത്തു് നിക്ഷേപിക്കുമ്പോള്‍ അവ കാക്കകളും മറ്റും കൊത്തിയെടുത്തു് ഉണക്കാനിട്ട വസ്ത്രങ്ങളും കിണറുകളും മലിനമാക്കുന്നു. ഷെഡ്ഡുകളില്‍ നിന്നു് ഒഴുക്കിവിടുന്ന മലിനജലം മൈതാനത്തു് കെട്ടിനില്‍ക്കുന്നു. അലക്കുതൊഴിലാളികള്‍ക്കു് ഇവ ദ്രോഹമായി മാറുന്നു. ചന്തകളും മേളകളും പുരോഗമിക്കുമ്പോള്‍ ഷെഡ്ഡുകളുടെ വലിപ്പവും കൂടിക്കൂടി വരുന്നതായിട്ടാണു് കാണുന്നതു്. കാലക്രമത്തില്‍ മൈതാനംമുഴുവന്‍ മേളകള്‍ കയ്യടക്കുമോ എന്ന ആശങ്കയിലാണു് അലക്കുതൊഴിലളികള്‍. അവരുടെ ജീവിതം വഴിമുട്ടിക്കുന്ന ഈ ഏര്‍പ്പാടില്‍ നിന്നു് കോര്‍പ്പറേഷന്‍  അധികൃതര്‍ പിന്തിരിയേണ്ടതാണു്. വര്‍ഷങ്ങള്‍ക്കു മുന്‍പു് അവരുടെ വീടുകള്‍ നഷ്ടപ്പെടുത്തി. ഇന്നിതാ അവരുടെ ഏക തൊഴിലിടത്തിനും ഭീഷണി ഉയര്‍ത്തുന്നു. ഈ പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചിട്ടുവേണോ  ഇത്തരം മേളകളും ആഘോഷങ്ങളും!

ഏതാനും മാസങ്ങള്‍ക്കു മുന്‍പു് തങ്ങളുടെ പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടു് തൊഴിലാളികള്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കു് ഒരു നിവേദനം നല്‍കിയിരുന്നു. അതില്‍ ധോബികാനയില്‍ ദീര്‍ഘകാലമേളകള്‍ നടത്തുന്നതിനു് ഷെഡ്ഡുകള്‍ കെട്ടാന്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കരുതെന്നു് അപേക്ഷിച്ചിരുന്നു. പക്ഷേ, അധികൃതര്‍ അതു കാര്യമായെടുത്തില്ല. കുടുംബശ്രീക്കാര്‍ക്കു് മേള നടത്താന്‍ അനുമതി നല്‍കപ്പെട്ടു. അവര്‍ സ്വകാര്യമുതലാളിമാരില്‍നിന്നു് പണം പറ്റിക്കൊണ്ടു് ഷെഡ്ഡുകെട്ടാനുള്ള അനുമതി മറിച്ചു നല്‍കി. 2016 ആഗസ്റ്റ്‌ 30 നു് വൈകുന്നേരം, മൈതാനത്തു് ഷെഡ്ഡുകെട്ടാനുള്ള സാധനസാമഗ്രികളുമായി വാഹനമെത്തി. വിവരമറിഞ്ഞു് തൊഴിലാളികള്‍ ആയതു തടഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരും നാട്ടുകാരും ഇടപെട്ടു. ഒരു കുടുംബശ്രീപ്രവര്‍ത്തക അലക്കുതൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. തൊഴിലാളികള്‍ പോലീസ് സംരക്ഷണത്തിന്നു് അപേക്ഷിച്ചു. കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായി. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ ചെയര്‍മാന്‍ സ്ഥലത്തെത്തി, പിറ്റേന്നു് മേയറുമായി കാര്യങ്ങള്‍ സംസാരിക്കാന്‍ തൊഴിലാളികളെ ക്ഷണിച്ചു. മേയര്‍, തോട്ടത്തില്‍ രവീന്ദ്രനുമായി നടന്ന ചര്‍ച്ചയില്‍ ഒരു തൊഴിലാളി സ്ത്രീ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്നു് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു്, “അന്വേഷി ” ഭാരവാഹി അജിത, ആര്‍. എം. പി. നേതാക്കള്‍, എം. വി. എസ്സ്. എസ്സ്. പ്രസിഡണ്ട്‌ എന്‍. അശോകന്‍ മാസ്റ്റര്‍, കോഴിക്കോടു് ജില്ലാ സെക്രട്ടറി കെ. രമേശന്‍, ഏതാനും സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം ഷെഡ്ഡിന്റെ വലിപ്പം കുറയ്ക്കാനും ഭക്ഷ്യമേള ഒഴിവാക്കാനും ഭാവിയില്‍ ബദല്‍ സംവിധാനങ്ങള്‍ ആരായാനും തീരുമാനമെടുത്തു. ഷെ‍ഡ്ഡു കെട്ടുമ്പോള്‍ മേയര്‍ തന്നെ സ്ഥലത്തുവന്നു കാര്യങ്ങള്‍ നിരീക്ഷിക്കുമെന്നും അറിയിച്ചു.

അലക്കുതൊഴിലാളികളില്‍ ഭൂരിഭാഗവും പട്ടികജാതിയില്‍പ്പെട്ട മണ്ണാന്‍, വണ്ണാന്‍ സമുദായക്കാരാണു്. മുതലക്കുളം കോളനി നിവാസികളാണിവര്‍. പൂര്‍വ്വീകകാലം മുതല്‍ അലക്കു് അവരുടെ പാരമ്പര്യത്തൊഴിലാണു്. അവരുടെ ഏക ഉപജീവനമാര്‍ഗ്ഗമാണതു്. ഇവിടെ നിന്നു് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കു് ഇവിടെ വന്നു് തൊഴില്‍ ചെയ്യാന്‍ അകലം ഒരു പ്രശ്നമാണു്. മഴയും വെയിലും കൊണ്ടു് രാവിലെ മുതല്‍ വൈകുന്നേരം വരെ ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കു് തണലേകാന്‍ ഒരു ഷെഡ്ഡെങ്കിലും നിര്‍മ്മിച്ചുകൊടുക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ മനസ്സുവച്ചാല്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണു്. വസ്ത്രങ്ങള്‍ മാറ്റാന്‍ ഒരു മുറിയും ഒരു കക്കൂസ്സും നിര്‍മ്മിച്ചുകിട്ടിയതുതന്നെ  ഏറെക്കാലത്തെ അഭ്യര്‍ത്ഥനയ്ക്കും കാത്തിരിപ്പിനും ശേഷമാണു്. വെള്ളത്തിനും വെളിച്ചത്തിനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. പട്ടികജാതിക്കാര്‍ക്കു് ഇത്രയൊക്കെ മതി. എവിടെയും അവര്‍ക്കു് അവഗണനയാണല്ലോ!

ഈ കുറിപ്പിന്റെ പി ഡി എഫ് പകര്‍പ്പു് ഇവിടെ: പി ഡി എഫ് പതിപ്പു്

 

പട്ടികജാതി മഹാജനസഭ

പട്ടികജാതിയില്‍പ്പെട്ടവരും ആചാരം, അനുഷ്ഠാനം, ദായക്രമം, വിവാഹം, എന്നിവയില്‍ സമാനതകള്‍ ഉള്ളവരും, ദേശവ്യത്യാസം അനുസരിച്ചു് മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍, പെരുവണ്ണാന്‍, വേലന്‍, പതിയാന്‍, തണ്ടാന്‍, പരവന്‍, ഭരതര്‍, വേട്ടുവന്‍, നേര്യന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നവരുമായ സമുദായങ്ങളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണു്. ഈ സമുദായങ്ങളെ ഉള്‍ക്കൊള്ളുന്ന മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം, വേലന്‍ പരവന്‍ മണ്ണാന്‍ സംഘം, ഓള്‍ കേരള വര്‍ണവര്‍ സൊസൈറ്റി, കേരള തണ്ടാന്‍ മഹാസഭ, വണ്ണാര്‍ സര്‍വീസ് സൊസൈറ്റി, ഭാരതീയ വേലന്‍ സൊസൈറ്റി, കേരള സംസ്ഥാന വേട്ടുവ മഹാസഭ, കേരള വേലന്‍ സമാജം, കേരള സംസ്ഥാന പട്ടികജാതി മണ്ണാന്‍ സമാജം, അഖില കേരള പതിയാന്‍ മഹാസഭ എന്നീ പത്തു സംഘടനകളുടെ നേതൃത്വങ്ങള്‍ പലവട്ടം നടത്തിയ ആലോചനാ യോഗങ്ങള്‍ക്കും  ചര്‍ച്ചകള്‍ക്കും ശേഷം രൂപം കൊടുത്ത ഒരു ഐക്യവേദിയാണു് പട്ടികജാതി മഹാജനസഭ. (PJMS). ദേശവ്യത്യാസവും പേരുവ്യത്യാസവും മാറ്റിനിര്‍ത്തി, മേല്‍പ്പറഞ്ഞ സമുദായങ്ങളുടെ നന്മയ്ക്കു വേണ്ടി സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയും പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ പൊതുവായും, സമാന സമുദായങ്ങളെ പ്രത്യേകിച്ചും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെട്ടു് പരിഹാരം കാണുന്നതോടൊപ്പം അവരുടെ ഐക്യത്തിന്നും ക്ഷേമത്തിന്നും അവകാശ സംരക്ഷണത്തിന്നും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണു് ഐക്യവേദിയുടെ മുഖ്യലക്ഷ്യം. മേല്‍പ്പറഞ്ഞ ഓരോ സമുദായസംഘടനകളില്‍ നിന്നും പ്രസിഡണ്ട്‌, സെക്രട്ടറി, ഒരു കമ്മിറ്റി അംഗം എന്നിവര്‍ അടങ്ങുന്നതാണു് പട്ടികജാതി മഹാജനസഭയുടെ സംസ്ഥാനക്കമ്മിറ്റി. പട്ടികജാതി മഹാജനസഭയില്‍ അംഗമായിട്ടുള്ള എല്ലാ സംഘടനകളുടെയും സംസ്ഥാനക്കമ്മിറ്റി അംഗങ്ങളും ജില്ലാ-താലൂക്ക് പ്രസിഡണ്ടുമാരും സെക്രട്ടറിമാരും സഭയുടെ ജനറല്‍ കൌണ്‍സില്‍ അംഗങ്ങള്‍ ആയിരിക്കും. പട്ടികജാതി മഹാജനസഭയുടെ സംസ്ഥാനക്കമ്മിറ്റി 04/06/2016നു് തൃശ്ശൂരില്‍ യോഗം ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട്‌ ശ്രീ. എന്‍. അശോകന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ: പി. എ. പ്രസാദ്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ശ്രീ. മധുസൂദനന്‍ സ്വാഗതവും, കമ്മിറ്റി അംഗം ശ്രീ. ഒ. കെ. സോമന്‍ നന്ദിയും രേഖപ്പെടുത്തി. സംസ്ഥാനക്കമ്മിറ്റിയില്‍ താഴെപ്പറയുന്നവര്‍ പങ്കെടുത്തു:

1.

എന്‍. അശോകന്‍ മാസ്റ്റര്‍ ( എം. വി. എസ്സ്. എസ്സ്. )

2.

ഒ. കെ. വിശ്വനാഥന്‍ ( എം. വി. എസ്സ്. എസ്സ്. )

3.

ശശീന്ദ്രന്‍ ( വി. പി. എം. എസ്സ്. )

4.

അഡ്വ: പി. എ. പ്രസാദ്‌ ( വി. പി. എം. എസ്സ്. )

5.

വേണുഗോപാല്‍ ( എ. കെ. വി. എസ്സ്. )

6.

മധുസൂദനന്‍ ( വി. എസ്സ്. എസ്സ്. )

7.

രഘുനാഥ് ( വി. എസ്സ്. എസ്സ്. )

8.

അഡ്വ: കെ. വി. നാരായണന്‍ (കെ. എസ്സ്. വി. എം. എസ്സ്.)

9.

പി. വി. രാജന്‍ (കെ. എസ്സ്. പി. എം. എസ്സ്.)

10.

പത്മനാഭന്‍ (കെ. വി. എസ്സ്.)

പട്ടികജാതി മഹാജനസഭയുടെ ഭരണഘടന ചര്‍ച്ച ചെയ്തു. ഭേദഗതികളോടെ പാസ്സാക്കി. ഭരണഘടന തിരുവനന്തപുരത്തു് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. ജനറല്‍ കൌണ്‍സില്‍ യോഗം 24/07/2016നു് എറണാകുളം സൌത്തില്‍ ചേരുവാനും തീരുമാനമെടുത്തു.

24/07/2016നു് എറണാകുളത്തു് നടന്ന മഹാജനസഭയുടെ ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ വിവിധ സംഘടനകളില്‍ നിന്നായി എഴുപത്തഞ്ചു പേര്‍ പങ്കെടുത്തു. എം. വി. എസ്സ്. എസ്സിനെ പ്രതിനിധീകരിച്ചു പതിനെട്ടു മെമ്പര്‍മാര്‍ പങ്കെടുക്കുകയുണ്ടായി. പ്രസിഡണ്ട്‌ എന്‍. അശോകന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ജനറല്‍സെക്രട്ടറി പി. എ. പ്രസാദ്‌ ഉദ്ഘാടനം ചെയ്തു. സഭയുടെ നയം, ഘടന, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചു് വിശദമായ ചര്‍ച്ച നടന്നു. അംഗ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ടു് താഴെ പറയുന്നവര്‍ സംസാരിച്ചു:

ശ്രീ. ദിനചന്ദ്രന്‍. (എം. വി. എസ്സ്. എസ്സ്.), ശശീന്ദ്രന്‍ (വി. പി. എം. എസ്സ്), ടി. എന്‍. ശ്രീനിവാസബാബു (എ. കെ. വി. എസ്സ്.), ചെല്ലപ്പന്‍ രാജപുരം (കെ. ടി. എം. എസ്സ്.), മധുസൂദനന്‍ (വി. എസ്സ്. എസ്സ്.), എന്‍. പി. ഗോപാലകൃഷ്ണന്‍ (ബി. വി. എസ്സ്), കെ. കെ. നാരായണന്‍ (കെ. എസ്സ്. വി. എം. എസ്സ്), പത്മനാഭന്‍ (കെ. വി. എസ്സ്), പി. വി. ബാബു (കെ. എസ്സ്. പി. എം. എസ്സ്).

ജില്ലാ താലൂക്ക് തലങ്ങളില്‍ മേല്‍പ്പറഞ്ഞ സംഘടനകളില്‍  നിലവിലുള്ളവയെ  പ്രതിനിധീകരിച്ചുകൊണ്ടു് മെമ്പര്‍മാരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ക്കു് രൂപം  നല്‍കണമെന്നു്  യോഗം തീരുമാനിച്ചു.

ഈ കുറിപ്പിന്റെ പി ഡി എഫ് പകര്‍പ്പു് ഇവിടെ: പി ഡി എഫ് പതിപ്പു്