സമുദായം

കേരളത്തില്‍ വളരെക്കാലം മുമ്പുമുതല്‍ക്കു തന്നെ നിലനിന്നുപോന്ന സമുദായ നാമങ്ങളാണു് മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍, പെരുവണ്ണാന്‍ എന്നിവ. ഇവ, ഒരേ സമുദായത്തെ സൂചിപ്പിക്കുന്ന പര്യായപദങ്ങളാണു്. മണ്ണാന്‍, വണ്ണാന്‍ എന്നിവ സമുദായപ്പേരുകളും, പെരുമണ്ണാന്‍, പെരുവണ്ണാന്‍ എന്നിവ സ്ഥാനപ്പേരുകളുമാകുന്നു. വണ്ണാന്‍ /മണ്ണാന്‍ /പെരുവണ്ണാന്‍ /പെരുമണ്ണാന്‍ സമുദായക്കാര്‍ അയിത്തജാതിക്കാരാണു്. അവര്‍ക്കു് ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. പൊതുകിണറുകളില്‍ നിന്നു് വെള്ളമെടുക്കാനോ, പൊതുകുളങ്ങള്‍ ഉപയോഗിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഉയര്‍ന്ന ജാതിക്കാരുമായി ആഹാരം പങ്കു വച്ചിരുന്നില്ല. ഉത്സവവേളകളോടനുബന്ധിച്ചു് നടത്തുന്ന സദ്യകളില്‍ മറ്റു സമുദായക്കാരോടൊപ്പം ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഉയര്‍ന്ന സമുദായക്കാര്‍ അഭിമുഖമായി വരുമ്പോള്‍ തീണ്ടാപ്പാടു് അകലം പാലിച്ചു് വഴി കൊടുക്കേണ്ടതായി വന്നിരുന്നു. ഇവര്‍ പട്ടികജാതിക്കാരായ മറ്റു സമുദായക്കാരോടും ഇസ്ലാം മതം സ്വീകരിച്ചവരോടും സഹവര്‍ത്തിത്വം പുലര്‍ത്തുന്നു. തെയ്യത്തിന്റെ വേഷം കെട്ടിക്കഴിഞ്ഞാല്‍ ഉയര്‍ന്ന സമുദായക്കാര്‍ ആദരവോടെ വീക്ഷിക്കുമെങ്കിലും വേഷമഴിച്ചു വച്ചാല്‍ കേവലം അയിത്തക്കാരനായ വണ്ണാന്‍ തന്നെയായി മാറും, തീണ്ടാപ്പാടു് അകലം പാലിക്കും.

re_kj001

re_hjh001

ഇവരില്‍ വണ്ണാന്‍/മണ്ണാന്‍/പെരുമണ്ണാന്‍ എന്നിവര്‍ പട്ടികജാതിയിലും, പെരുവണ്ണാന്‍ ഒ ഇ സി വിഭാഗത്തിലും പെടുന്നു. വണ്ണാന്‍/മണ്ണാന്‍/പെരുവണ്ണാന്‍/പെരുമണ്ണാന്‍ ജാതിനാമങ്ങളിലറിയപ്പെടുന്നവര്‍ ഓരോ കുടുംബത്തിലും ഒന്നിച്ചു താമസിക്കുന്നതു കൊണ്ടു് യഥാര്‍ത്ഥത്തില്‍ പെരുവണ്ണാന്മാര്‍ എത്രയുണ്ടെന്നു് കൃത്യമായി പറയാന്‍ വിഷമമാണു്. എങ്കിലും എം വി എസ് എസ് സംഘടന നടത്തിയ ഒരു സര്‍വ്വേയുടെ അടിസ്ഥാനത്തില്‍, സര്‍ട്ടിഫിക്കറ്റുകളില്‍ പെരുവണ്ണാന്‍ എന്നു ചേര്‍ക്കപ്പെട്ടവരായി ഏകദേശം എണ്ണായിരത്തോളം പേര്‍  ഉണ്ടെന്നു് അറിയാന്‍ കഴിഞ്ഞിട്ടുണ്ടു്. സാമൂഹ്യ,സാമ്പത്തിക,വിദ്യാഭ്യാസ മേഖലകളില്‍ പൊതു സമൂഹത്തില്‍നിന്നു് ഏറെ താഴെയാണു് ഇവരുടെ നില. ഉയര്‍ന്ന സമുദായക്കാര്‍ക്കു വേണ്ടി സേവനമനുഷ്ഠിക്കുമ്പോള്‍ അനുവദിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു ജീവിതാവശ്യങ്ങള്‍ നിറവേറ്റിയിരുന്നതു്. വിദ്യാഭ്യാസത്തിലൂടെ ഉയരുവാനോ മറ്റു് തൊഴില്‍ മേഖലകളില്‍ പ്രവേശിക്കുവാനോ പലപ്പോഴും ഇവരെ അനുവദിച്ചിരുന്നില്ല. വല്ലപ്പോഴും അതിനു് തുനിയുന്നവരെ സമുദായത്തില്‍ നിന്നും ഒറ്റപ്പെടുത്തി കുടുംബജീവിതം തന്നെ വഴിമുട്ടിക്കാനുള്ള ശ്രമങ്ങള്‍ ഉയര്‍ന്ന സമുദായക്കാരില്‍ നിന്നു് ഉണ്ടായതിന്നു് ദൃഷ്ടാന്തങ്ങള്‍ ഏറെയുണ്ടു്. ഒ ഇ സി വിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടതിനു് ശേഷം വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടു് ഹൈസ്കൂള്‍ തലത്തിലും കോളജ് തലത്തിലും കുറേപ്പേര്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ ആശ്വാസമുണ്ടു്. പക്ഷേ, സാങ്കേതിക വിദ്യാഭ്യാസ മേഖലയും ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് മേഖലയും പെരുവണ്ണാന്മാര്‍ക്കു് ഇന്നും അന്യമാണു്.

re_dgv001

പെരുവണ്ണാന്‍ പട്ടം:-

കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോടു് ജില്ലകളില്‍ വണ്ണാന്‍, മണ്ണാന്‍ സമുദായക്കാരുടെ പാരമ്പര്യത്തൊഴിലുകളില്‍ ഒന്നാണു് തെയ്യം (തിറ) കെട്ടല്‍. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ചെറുജന്മാവകാശക്കാരനായ വണ്ണാനെ പട്ടും വളയും നല്‍കി ആചാരപ്പേരു് വിളിക്കുന്ന ഒരു ചടങ്ങുണ്ടു്. ആചാരപ്പെടല്‍ എന്നാണു് അതറിയപ്പെടുന്നതു്. മണക്കാടന്‍, നേണിക്കം, എരമംഗലന്‍, ആന്നൂരന്‍, പെരുവണ്ണാന്‍ എന്നിവ ചില ആചാരപ്പേരുകളാണു്. “പെരുവണ്ണാന്‍” എന്ന സ്ഥാനപ്പേരാണു് ഇതില്‍ പ്രധാനം. തളിപ്പറമ്പു് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നുള്ള ആചാരപ്പെടല്‍ വളരെ പ്രസിദ്ധമാണു്. ആചാരപ്പെടുന്ന ദിവസം ബന്ധപ്പെട്ട വണ്ണാന്‍ കുളിച്ചു ശുദ്ധമായി വരണം. അയിത്ത ജാതിക്കാരനായതിനാല്‍ ക്ഷേത്രച്ചിറയില്‍ കുളിക്കാന്‍ പാടില്ല. കച്ച ചുറ്റി, മേല്‍മുണ്ടുമായി ക്ഷേത്രമതിലിനു പുറത്തുനിന്നു വേണം ദേവനെ തൊഴാന്‍. ക്ഷേത്രപരിചാരകരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തില്‍, മേല്‍ശാന്തി, പട്ടും വളയും ഒരു പരിചാരകനെ ഏല്‍പിക്കുന്നു. അകലെനിന്നു നീട്ടിപിടിച്ച വണ്ണാന്റെ മേല്‍മുണ്ടിന്റെ മടക്കിലേയ്ക്കു് പരിചാരകന്‍ പട്ടും വളയും എറിഞ്ഞു കൊടുക്കുന്നു. അവ സ്വീകരിച്ചുകൊണ്ടു് വണ്ണാന്‍ താണുതൊഴുന്നു. മേല്‍ശാന്തി “പെരുവണ്ണാന്‍” എന്നു് മൂന്നുവട്ടം ഉച്ചത്തില്‍ വിളിക്കുന്നു. അതോടെ പെരുവണ്ണാന്‍ പട്ടം ലഭിച്ചു കഴിഞ്ഞു. പേരിനൊപ്പം “പെരുവണ്ണാന്‍” ചേര്‍ത്തു കൊണ്ടാണു് ഇനി മുതല്‍ അയാള്‍ അറിയപ്പെടുക. സ്ഥാനപ്പേര്‍ സ്വീകരിച്ച വ്യക്തി ബന്ധുജനങ്ങള്‍ക്കു് സദ്യ നടത്തണം. പലപ്പോഴും സാമ്പത്തികമായി കഴിവില്ലാത്ത പെരുവണ്ണാനുവേണ്ടി മേല്‍ജാതിക്കാരായ സമ്പന്നരില്‍ ആരെങ്കിലും ആ കാര്യം നിര്‍വഹിക്കും. പ്രധാനപ്പെട്ട തെയ്യക്കോലങ്ങള്‍ കെട്ടാനുള്ള യോഗ്യത കൂടിയാണു് പെരുവണ്ണാന്‍ പട്ടം.

re_b001

സമുദായത്തെപ്പറ്റിയും സമുദായാംഗങ്ങള്‍ അനുഭവിച്ചു വന്ന പ്രശ്നങ്ങളെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ഈ പുസ്തകത്തിലുണ്ടു്.

3 thoughts on “സമുദായം

  1. പിങ്ബാക്ക് സമുദായം | malikadunganchirablog
    • പെരുവണ്ണാൻ ഒബിസി എന്ന വിഭാഗത്തിലാണ്. തൊഴിൽ സംവരണത്തിൽ ഒബിസി യാണ്.എസ്.സി, എസ്.ടി.വിദ്യാർഥികൾക്കൊപ്പം സ്റ്റൈപ്പന്റ് ലഭിക്കുന്ന വിഭാഗം എന്ന നിലയിലാണ് ഒഇസി യായി പരിഗണിക്കുന്നത്…

      Like

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )