ആമുഖം

ഇക്കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം മണ്ണാന്‍ വണ്ണാന്‍ സമുദായസംഘത്തെ (എം വി എസ്സ് എസ്സ്) സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. സംഘടിത സമുദായശക്തികളില്‍ നിന്നു് നേരിടേണ്ടിവന്ന വെല്ലുവിളികള്‍, അതിനെതിരെയുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും, സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന്നു നേരിട്ട തടസ്സങ്ങള്‍, കോടതികളില്‍ നീതിയ്ക്കു വേണ്ടി നടത്തിയ പോരാട്ടങ്ങള്‍, വിധികള്‍ നടപ്പിലാക്കാന്‍ അറച്ചുനിന്ന സര്‍ക്കാര്‍ നയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുമായി നടത്തിയ എഴുത്തുകുത്തുകള്‍, പെരുവണ്ണാന്‍ പ്രശ്നത്തിന്നു ശാശ്വതപരിഹാരം തേടല്‍ എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സംഘടനയ്ക്കു് ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടു്. ഇവയെല്ലാം ഞങ്ങള്‍ സംഘടനാപ്രവര്‍ത്തകര്‍ക്കു് അഭിമാനിക്കാന്‍  വക നല്കുന്നവയാണു്.

സംഘടനാ നേതൃത്വം വഹിച്ചുകൊണ്ടുള്ള പ്രയാണത്തിനിടയില്‍ സര്‍ക്കാര്‍ ഉത്തരവുകളും, തെളിവുരേഖകളും, പ്രസക്തമായ മറ്റു മുന്‍കാലരേഖകളും സംഘടിപ്പിച്ചെടുക്കാന്‍ നടത്തിയ യാത്രകളും, അനുഭവിച്ച കഷ്ടപ്പാടുകളും എക്കാലത്തും ആവേശം നല്‍കുന്നവയാണു്. സംഘടനാപ്രവര്‍ത്തനത്തിനും, ബോധവല്‍ക്കരണത്തിനും, കോടതിമുറികളില്‍ തെളിവായും പ്രയോജനപ്പെടുത്തിയ ഇത്തരം രേഖകള്‍ ഫയലുകളില്‍ കോര്‍ത്തുകെട്ടി വച്ചു നഷ്ടപ്പെടുത്താതെ, ഭാവിയില്‍ ഈ വഴിക്കു് സഞ്ചരിക്കേണ്ടിവരുന്ന പിന്‍ഗാമികള്‍ക്കും, അപകര്‍ഷതാബോധം തലതാഴ്ത്തി നടക്കാന്‍ പ്രേരിപ്പിക്കുന്ന പുതുതലമുറയ്ക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശത്തോടെയാണു്, കാലോചിതമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, ഈ  വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളതു്.

പെരുവണ്ണാനെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടു് പല വ്യക്തികളും സംഘടനാ നേതൃത്വങ്ങളും സ്വാര്‍ത്ഥതാല്പര്യത്തോടെ നടത്തുന്ന അവകാശവാദങ്ങള്‍ ഈയിടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ലക്ഷ്യപ്രാപ്തിക്കു വേണ്ടി ഏറെക്കാലമായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച വ്യക്തികളെയും സംഘടനയേയും മുഖത്തു നോക്കി കൊഞ്ഞനംകുത്തുകയും തമസ്കരിക്കുകയും ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അത്യന്തം വേദനാജനകമാണു്. നിരുത്സാഹപ്പെടുത്തേണ്ട ഇത്തരം പ്രവണതകള്‍ക്കു് തടയിടാനും, സത്യമെന്തെന്നു് ബന്ധപ്പെട്ടവരെങ്കിലും മനസ്സിലാക്കാനും വേണ്ടിയാണു് ഉദ്ദേശിച്ചതിലും നേരത്തേ ഈ വെബ്ബ്സൈറ്റ് ഏവര്‍ക്കും മുമ്പില്‍ അവതരിപ്പിക്കുന്നതു്.

ആരാലും അറിയപ്പെടാതെ, മണ്‍മറഞ്ഞു പോയ നിരവധി സാമുദായികപ്രവര്‍ത്തകര്‍ നമുക്കുണ്ടായിരുന്നു. അവരെപ്പറ്റി ലഭ്യമായ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടു്. ശ്രമകരമായ ഈ പ്രവര്‍ത്തനത്തില്‍ സഹകരിച്ച സുമനസ്സുകള്‍ക്കു് നന്ദി രേഖപ്പെടുത്തുന്നു. ഈ സംരംഭം പൂര്‍ണ്ണമാണെന്നു്  അവകാശപ്പെടുന്നില്ല. ഇതിലൂടെ കണ്ണോടിച്ചു പോകുമ്പോള്‍ അനുഭവപ്പെടുന്ന പോരായ്മകള്‍ ഉണ്ടാവാം. അവ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ടു് ഈ വെബ്സൈറ്റ് നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു.

4 thoughts on “ആമുഖം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )