മാനവ വിജ്ഞാന സദ്ഭാവന ട്രസ്റ്റ് – വാര്‍ഷിക പൊതുയോഗം 2022

എം. വി. എസ്. ട്രസ്റ്റിന്റെ പൊതുയോഗം 22/10/2022 ശനിയാഴ്ച കോഴിക്കോടു് സൈനിക വെൽഫെയർ ഹാളിൽ നടന്നു.

പ്രൊഫസർ എൻ സി ഹരിദാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രസ്റ്റ് പ്രസിഡണ്ട് ഡോ എം. ഗോകുൽദാസ് അദ്ധ്യക്ഷനായി. ശ്രീ. കെ. മോഹനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി സുകുമാരൻ മാസ്റ്റർ റിപ്പോർട്ട്, ട്രഷറർ എം. ദിനേശൻ ഓഡിറ്റ് ചെയ്ത വരവു് ചെലവു് കണക്കുകൾ എന്നിവ അവതരിപ്പിച്ചു. ചർച്ചയ്ക്കു് ശേഷം റിപ്പോർട്ടും വരവു് ചെലവു് കണക്കുകളും അംഗീകരിച്ചു. തുടർന്നു് നടന്ന ചർച്ചയിൽ ട്രസ്റ്റ് അത്യാവശ്യമായി ഏറ്റെടുക്കേണ്ട പ്രവൃത്തികളെക്കുറിച്ചു് അവലോകനം നടന്നു. അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് ഡോ. ഗോകുൽദാസ് സൂചിപ്പിച്ച ചില കാര്യങ്ങളിൽ ചർച്ച നടന്നു. കൂടുതൽ മെമ്പർമാരെ ചേർക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട ജോലിയ്ക്കു പുറമേ ട്രസ്റ്റിനു് ഏറ്റെടുക്കാവുന്ന പ്രോജക്ടുകളെക്കുറിച്ചുള്ള ചർച്ച കൂടി നടന്നു. പുതിയ ഓഫീസ് കെട്ടിടത്തിൽ ഡി. ടി. പി. സെന്റർ / ജനസേവന കേന്ദ്രം / ഫോട്ടോകോപ്പി എന്നിവ ഉൾപ്പെടുത്തി ഒരു പ്രോജക്ട് തയ്യാറാക്കാം എന്ന നിർദ്ദേശം പൊതുവേ അംഗീകരിക്കപ്പെട്ടു. കുട്ടികൾക്കു വേണ്ടി ഡേ കെയർ സെന്റർ / നഴ്സറി എന്നിവയിൽ തുടങ്ങി എൽ. പി. സ്കൂൾ വരെ തുടങ്ങാൻ ഉള്ള സാധ്യതകൾ കൂടി പരിശോധിക്കാവുന്നതാണെന്നു് പ്രസിഡന്റ് നിർദ്ദേശിച്ചു.

പൊതുയോഗത്തിൽ പങ്കാളിത്തം തീരെ കുറവായിരുന്നതിനാൽ മറ്റു കാര്യങ്ങളിൽ കാര്യമായ ചർച്ചകൾ / നിർദ്ദേശങ്ങൾ / അഭിപ്രായങ്ങൾ ഒന്നും ഉന്നയിക്കപ്പെട്ടില്ല.

അടുത്ത മൂന്നു വർഷത്തേക്കുള്ള കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ശ്രീ. കെ. മോഹനൻ (കാസറഗോഡ്), സെക്രട്ടറിയായി ശ്രീ. പി. സുകുമാരൻ മാസ്റ്റർ (മലപ്പുറം), ട്രഷററായി ശ്രീ. എം. ദിനേശൻ (കോഴിക്കോടു്) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ വൈസ് പ്രസിഡണ്ടായി പ്രൊഫ. എൻ. സി. ഹരിദാസൻ (കോഴിക്കോടു്) തുടരാനും തീരുമാനമായി. ജോയിന്റ് സെക്രട്ടറിയായി ശ്രീമതി പി. കെ. പത്മാവതി (കോഴിക്കോടു്) തെരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റിയിലെ മറ്റു് അംഗങ്ങൾ:

  1. ശ്രീ. കെ. മുകുന്ദൻ (കോഴിക്കോടു്)
  2. ശ്രീ. കെ. സി. റാം മോഹൻ (കോഴിക്കോടു്)
  3. ശ്രീ. കെ. രമേശൻ (കോഴിക്കോടു്)
  4. ശ്രീ. ടി. പി. വിവേക് (മലപ്പുറം)
  5. ഡോ. എം. ഗോകുൽദാസ് (മലപ്പുറം)
  6. ശ്രീ. സി. കുമാരൻ (മലപ്പുറം)
  7. ശ്രീ. എം. പി. രവീന്ദ്രൻ (എം. വി. എസ്സ്. എസ്സ്. സ്റ്റേറ്റ് പ്രസിഡണ്ട്, കണ്ണൂർ)
  8. ശ്രീ. ഒ. കെ. വിശ്വനാഥൻ (എം. വി. എസ്സ്. എസ്സ്. സ്റ്റേറ്റ് സെക്രട്ടറി, കണ്ണൂർ)

എന്നിവരെയും 13 അംഗ കമ്മിറ്റിയിലേക്കു് തെരഞ്ഞെടുത്തു. ശ്രീ. രാഘവൻ വി. (റിട്ട. കനറാ ബാങ്ക്) ഓഡിറ്റർ ആയി നിർദ്ദേശിക്കപ്പെട്ടു. ആവശ്യമെങ്കിൽ കൂടുതൽ പേരെ കമ്മിറ്റിയിലേക്കു് co-opt ചെയ്യാൻ കമ്മിറ്റിക്കു് അധികാരം നൽകി. എം. വി. എസ്സ്. എസ്സ്. കോഴിക്കോടു് ജില്ലാ മുൻ പ്രസിഡന്റ് ശ്രീ. സി. പി. ദിനചന്ദ്രൻ വരണാധികാരി ആയി.

സ്വാഗതം – പ്രൊഫ. എന്‍. സി. ഹരിദാസന്‍

അദ്ധ്യക്ഷന്‍ – ഡോ: എം. ഗോകുല്‍ദാസ്

റിപ്പോര്‍ട്ട് പി. സുകുമാരന്‍ മാസ്റ്റര്‍

ആശംസ – ശ്രീ. ഒ. കെ. വിശ്വനാഥന്‍

എം വി എസ് എസ് പതിനഞ്ചാം വാര്‍ഷിക സംസ്ഥാന സമ്മേളനം (മലപ്പുറം)

IMG-20190919-WA0065

സമ്മേളന നടപടിക്കുറിപ്പു്

എം വി എസ് എസ്സിന്റെ പതിനഞ്ചാം വാര്‍ഷിക സംസ്ഥാന സമ്മേളനം 2019 സപ്തംബര്‍ 28-ാം തീയ്യതി ശനിയാഴ്ച “പാറയ്ക്കല്‍ മാധവന്‍ നഗറില്‍” (മുനിസിപ്പല്‍ ടൌണ്‍ഹാള്‍, കുന്നുമ്മല്‍, മലപ്പുറം) നടന്നു. രാവിലെ 9.00 മണിക്കു് രജിസ്ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീ എന്‍ അശോകന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.

റീനാമോള്‍ (പള്ളിക്കല്‍, മലപ്പുറം) ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ കാര്യപരിപാടികള്‍ ആരംഭിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ പി രാമദാസന്‍ സ്വാഗതഭാഷണം നടത്തി. ‍

IMG_9022പ്രസിഡണ്ട് ശ്രീ എന്‍ അശോകന്‍ മാസ്റ്റര്‍ മുന്‍കാല സാമുദായിക പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചുകൊണ്ടും പട്ടികജാതിക്കാര്‍ പൊതുവായും മണ്ണാന്‍ വണ്ണാന്‍ സമുദായക്കാര്‍ പ്രത്യേകിച്ചും സംവരണ കാര്യത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ വ്യക്തമാക്കിക്കൊണ്ടും അവ പരിഹരിക്കുന്നതിനു് സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു കൊണ്ടും ആമുഖഭാഷണം നടത്തി. IMG_9084മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ശ്രീ ടി ശ്രീനിവാസന്‍ കലാസാംസ്കാരിക രംഗത്തും സാമൂഹ്യ രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിച്ചു് രംഗം വിട്ടവരേയും പ്രകൃതി ദുരന്തത്തില്‍പ്പെട്ടു് മണ്‍മറഞ്ഞു പോയ ഹതഭാഗ്യരേയും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നമ്മെ വിട്ടുപോയ സമുദായാംഗങ്ങളെയും അനുസ്മരിച്ചു കൊണ്ടു് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ: കെ ടി ജലീല്‍ വിളക്കു തെളിയിച്ചു കൊണ്ടു് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അയിത്തം നിലവിലിരുന്ന കാലം മുതല്ക്കിങ്ങോട്ടു് വണ്ണാന്‍ – മണ്ണാന്‍ സമുദായക്കാരുടെ പിന്നാക്കാവസ്ഥ സ്വാനുഭവത്തിലൂടെ വ്യക്തമാക്കി. പൊതുസമൂഹത്തോടൊപ്പം സമുദായം ഉയരുന്നതു വരെ സംവരണം ആവശ്യമാണെന്നും അതു നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഓര്‍മ്മിപ്പിച്ചു.

സ്വാതന്ത്ര്യസമര സേനാനിയായ‍ സോഷ്യോ വാസുവേട്ടന്‍ അവര്‍കളെ (ചെറുവണ്ണൂര്‍) മന്ത്രി പൊന്നാട അണിയിച്ചു് ആദരിച്ചു. വന്ദ്യവയോധികരായ ശ്രീമതി കെ ചെറോണ്ണു് (അമ്മുണ്ണി), ശ്രീമതി ഒ പി പാറു എന്നിവരെ യഥാക്രമം ബഹുമാനപ്പെട്ട എം എല്‍ എ അനില്‍കുമാറും, സംസ്ഥാന പ്രസിഡണ്ട് എന്‍ അശോകന്‍ മാസ്റ്ററും പൊന്നാട അണിയിച്ചു് ആദരിച്ചു.

തുടര്‍ന്നു് നടന്ന ആശംസാ പ്രസംഗത്തില്‍ സര്‍വ്വശ്രീ എ പി അനില്‍ കുമാര്‍ (എം എല്‍ എ), പി ഉബൈദുള്ള (എം എല്‍ എ), സഖാവു് കെ മജ്നു (സി പി എം), കെ മോഹന്‍ദാസ് (സി പി ഐ), ശ്രീ പത്മനാഭന്‍ (വേലന്‍ മഹാസഭ), ഡോ: ഗോകുല്‍ദാസ് (പ്രസിഡണ്ട്, എം വി എസ് ട്രസ്റ്റ്), ശ്രീമതി എ റീന പള്ളിക്കല്‍ (പ്രസിഡണ്ട്, അലക്കു തൊഴിലാളി യൂണിയന്‍) എന്നിവര്‍ പങ്കെടുത്തു.

അവര്‍ മണ്ണാന്‍ – വണ്ണാന്‍ സമുദായക്കാരുടെ സാമൂഹ്യ പിന്നാക്കാവസ്ഥ വിവരിച്ചു. പെരുവണ്ണാനെ കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതിയില്‍പ്പെടുത്തി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കേരള സര്‍ക്കാര്‍ തുടര്‍ നടപടികള്‍ നടത്തി പി എസ് സി ലിസ്റ്റില്‍പ്പെടുത്തി ഗസറ്റ് വിജ്ഞാപനം നടത്താത്തതിനെ പലരും അപലപിച്ചു.

സോഷ്യോ വാസുവേട്ടന്റെ ആവേശകരമായ മറുപടിപ്രസംഗം സദസ്സിനെ യഥാര്‍ത്ഥത്തില്‍ കോള്‍മയിര്‍ക്കൊള്ളിച്ചു.

IMG-20191015-WA0092പതിനെട്ടു് വര്‍ഷം നീണ്ട സമുദായ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നു് ആരോഗ്യപരമായ കാരണങ്ങളാല്‍ വിട വാങ്ങുന്ന എന്‍ അശോകന്‍ മാസ്റ്ററെ സോഷ്യോ വാസുവേട്ടന്‍ പൊന്നാടയണിച്ചു് ആദരിച്ചു.

IMG-20191015-WA0083സ്വാഗതസംഘം കണ്‍വീനര്‍ ശ്രീ ടി പി വിവേക് കൃതജ്ഞത രേഖപ്പെടുത്തി. സമ്മേളനത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. എല്ലാവരും ഉച്ചഭക്ഷണത്തിനു് പിരിഞ്ഞു.

ഉച്ചയ്ക്കു ശേഷം രണ്ടു് നാല്പത്തഞ്ചു് മണിക്കു് പ്രതിനിധി സമ്മേളനം ആരംഭിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി സുമ സ്വാഗതഭാഷണം നടത്തി. അദ്ധ്യക്ഷനായ ശ്രീ എം പി രവീന്ദ്രന്‍ (സംസ്ഥാന വൈസ് പ്രസിഡണ്ട്) സംഘടനാ കാര്യങ്ങളെപ്പറ്റി ലഘുവിവരണം നടത്തി. സംസ്ഥാന സെക്രട്ടറി ശ്രീ ഒ കെ വിശ്വനാഥന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ എം ജയന്തന്‍ വരവു് ചെലവു് കണക്കും അവതരിപ്പിച്ചു. IMG_9431

പ്രമേയങ്ങള്‍

പ്രൊഫ: എന്‍ സി ഹരിദാസന്‍ (കോഴിക്കോടു്)

കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ പട്ടികജാതി ലിസ്റ്റിലുള്‍പ്പെടുത്തിയ പെരുവണ്ണാന്‍ സമുദായത്തെ മൂന്നു വര്‍ഷത്തിലധികമായിട്ടും കേരള സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം നടത്താത്തതിലും കെ എസ് & എസ് എസ് ആര്‍ ഭേദഗതി നടത്തി പി എസ് സി സംവരണ ലിസ്റ്റില്‍പ്പെടുത്താത്തതിലും ശക്തിയായി പ്രതിഷേധിക്കുകയും ഈ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നു് പ്രമേയത്തിലൂടെ സര്‍ക്കാരിനോടു് അഭ്യര്‍ത്ഥിക്കുകയും ചെയ്തു:

  • എയ്ഡഡ് മേഖലയില്‍ നടത്തുന്ന നിയമനങ്ങള്‍ പി എസ് സിയില്‍ക്കൂടി നടപ്പിലാക്കുക, അതില്‍ പട്ടികജാതിക്കാര്‍ക്കു് അര്‍ഹമായ സംവരണം നടപ്പിലാക്കുക.
  • സ്പെഷല്‍ റിക്രൂട്ട്മെന്റ് പുനഃസ്ഥാപിച്ചു്, പട്ടികജാതിക്കാരുടെ ഉന്നമനം ഉറപ്പാക്കുക
  • ദേവസ്വം ബോര്‍ഡില്‍ മൃഗീയഭൂരിപക്ഷമുള്ള മേല്‍ജാതിക്കാര്‍ക്കു് സാമ്പത്തിക സംവരണത്തിന്റെ പേരില്‍ സംവരണം നടപ്പിലാക്കുന്നതു് ഉപേക്ഷിക്കുക.

IMG_9472

പി ടി സുധാകരന്‍ മാസ്റ്റര്‍ (മലപ്പുറം)

കലിക്കറ്റ് യൂണിവേഴ്സിറ്റിക്കു് കീഴില്‍ പഠിക്കുന്ന സ്വാശ്രയ പാരലല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്‍ഡ്, ലംപ്സം ഗ്രാന്റ്, എന്നിവ മൂന്നു് വര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്നു. അവയ്ക്കു് അടിയന്തിര പരിഹാരം കാണണം.

പെരുവണ്ണാനു് എസ് സി ജാതി സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യത്തില്‍ വില്ലേജ് ഓഫീസുകള്‍ തെളിവെടുപ്പു് നടത്തുന്നതിനു് പകരം കാലതാമസം ഒഴിവാക്കാന്‍ വേണ്ടി സംഘടന നല്കുന്ന സാക്ഷ്യപത്രം മുഖേന ജാതി സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനു് സര്‍ക്കാര്‍ നടപടികള്‍‌ സ്വീകരിക്കണം.

ലൈഫ് പദ്ധതി പ്രകാരം ഭവനരഹിതര്‍ക്കു് വീടു് ലഭിക്കുന്നതിനു് റേഷന്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കുന്നതു് ഒഴിവാക്കുക.

കെ വി ഗോവിന്ദന്‍ (കണ്ണൂര്‍)

തെയ്യം-തിറകളുടെ തറവാടു് എന്നു് വിശേഷിപ്പിക്കുന്ന കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും മറ്റു ജില്ലകളിലും തെരുവോരങ്ങള്‍, കലാജാഥകള്‍, ഉദ്ഘാടന വേദികള്‍, പൊതു സ്റ്റേജുകള്‍ എന്നിവിടങ്ങളില്‍ തെയ്യം അവതരിപ്പിക്കുന്നവര്‍ക്കെതിരെ സംഘടന നടപടി സ്വീകരിക്കണം.

ശശിധരന്‍ ബാര (കാസറഗോഡ്)

മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍, പെരുവണ്ണാന്‍, വേലന്‍, മലയന്‍ സമുദായങ്ങള്‍ ആചാരത്തോടും അനുഷ്ഠാനത്തോടും വ്രതത്തോടും കൂടി ചെയ്തു വരുന്ന തെയ്യങ്ങളും മുഖത്തെഴുത്തുകളും തോറ്റങ്ങളും ക്ഷേത്രകലാ അക്കാദമിയുടെ പേരില്‍ മറ്റു സമുദായാംഗങ്ങളെ സര്‍ക്കാരിന്റെ പഠനക്കളരി മുഖാന്തിരം അഭ്യസിപ്പിക്കുന്നതു് നിര്‍ത്തലാക്കുവാന്‍ സര്‍ക്കാരിനോടു് അഭ്യര്‍ത്ഥിക്കുന്നു.

തുടര്‍ന്നു് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു്:

ഒ രാമചന്ദ്രന്‍ (കണ്ണൂര്‍)

സ്വജനസമുദായ സഭയുമായി ലയനം ഉണ്ടാവാതിരിക്കാന്‍ കാരണം സംസ്ഥാനക്കമ്മറ്റിയുടെ ധിക്കാരപരമായ പ്രവര്‍ത്തനങ്ങളും കഴിവുകേടുമാണെന്ന സ്വാഗതഭാഷകന്‍ പി രാമദാസന്‍ മാസ്റ്ററുടെ പരാമര്‍ശം ശരിയായ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ സംസ്ഥാന നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണു്. സംസ്ഥാന സമ്മേളന വേദിയില്‍ സ്വാഗതം അര്‍പ്പിക്കുന്നതിനു് പകരം അദ്ധ്യക്ഷപ്രസംഗം നടത്തി സഭയെ മുഷിപ്പിച്ചതും അതിലുപരി എം എല്‍ എ, പ്രതിനിധി സമ്മേളന വേദിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഡയസിലുള്ള അദ്ധ്യക്ഷനെ വകവയ്ക്കാതെ മൈക്ക് പിടിച്ചുവാങ്ങി സംസാരിച്ചതും ധിക്കാരപരമാണു്. അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവു കണക്കും അംഗീകരിക്കുന്നു. സമ്മേളനം ഭംഗിയാക്കിയതിനു് മലപ്പുറം ജില്ലാക്കമ്മിറ്റിയ്ക്കും പ്രത്യേകിച്ചു്, പ്രോഗ്രാം കമ്മിറ്റികള്‍ക്കും അഭിനന്ദനം അര്‍പ്പിക്കുന്നു.

അരുണ്‍കുമാര്‍ (കാസറഗോഡ്)

കാസറഗോഡ് ജില്ലയില്‍ തെയ്യം അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടു് രണ്ടു് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. വടക്കന്‍ മേഖലയെപ്പറ്റി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചില്ല, കൂട്ടിച്ചേര്‍ക്കണം. പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിനു് വിവിധ പരിപാടികള്‍ ആവിഷ്കരിക്കണം. കുടുംബമേളകള്‍ നടത്തണം.

ദിനചന്ദ്രന്‍ (കോഴിക്കോടു്)

റിപ്പോര്‍ട്ടും വരവു-ചെലവു് കണക്കും അംഗീകരിക്കുന്നു. ചെറുപ്പക്കാര്‍ മുന്നോട്ടു് വരണം. പെരുവണ്ണാനെ പി എസ് സി ലിസ്റ്റില്‍ ചേര്‍ക്കുന്നതിനു് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. സ്വാഗതഭാഷകന്റെ അധികപ്രസംഗവും ധിക്കാരപരമായ പെരുമാറ്റവും സഭയെ ചൊടിപ്പിച്ചു. സംഘടനാവിരുദ്ധ പ്രസ്താവന നടത്തിയതും സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തിയതും ശരിയായില്ല. സ്വാഗതഭാഷകനെതിരെ നടപടി സ്വീകരിക്കണം. ശക്തമായി പ്രതിഷേധിക്കുന്നു.

വിശ്വനാഥന്‍ (കോഴിക്കോടു്)

സമ്മേളനം രണ്ടു ദിവസമാക്കണം. മലപ്പുറും ജില്ലയിലെ പുതിയ കമ്മിറ്റിക്കു് അഭിവാദ്യങ്ങള്‍. സമ്മേളനം ഗംഭീരമായിരുന്നു. വാട്ട്സാപ്പ് സന്ദേശം മൂലം എല്ലാ കാര്യങ്ങളും അംഗങ്ങളെ അറിയിച്ചതില്‍ കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു. സമ്മേളനത്തിനു് പ്രകടനം ആവാമായിരുന്നു. റിപ്പോര്‍ട്ടില്‍ സംസ്ഥാനക്കമ്മിറ്റി ഭാരവാഹികള്‍, കമ്മറ്റി അംഗങ്ങള്‍‍, കൌണ്‍സിലര്‍മാര്‍, എക്സ്-ഒഫീഷ്യോ മെമ്പര്‍മാര്‍ എന്നിവരുടെ പേരുകള്‍ ചേര്‍ക്കാമായിരുന്നു.

പി എ ബാബു (മലപ്പുറം)

ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞു് മാറി നില്ക്കാതെ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിച്ചു. സംഘടന ശക്തിപ്പെടുത്തണം. അലക്കു തൊഴിലാളി ക്ഷേമനിധി എല്ലാ ജില്ലകളിലും പ്രാവര്‍ത്തികമാക്കണം.

സെക്രട്ടറിയുടെ മറുപടി

പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ട കാര്യങ്ങളിലും ചര്‍ച്ചയിലൂടെ ഉന്നയിക്കപ്പെട്ട കാര്യങ്ങളിലും ഉചിതമായ തീരുമാനവും നടപടിയും സംസ്ഥാനക്കമ്മിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നതാണു്. രാമദാസന്‍ മാസ്റ്ററുടെ കാര്യത്തില്‍ ഉചിതമായ നടപടി സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതാണു്. സമ്മേളനം ഭംഗിയായും ഗംഭീരമായും നടത്തിയതിനു് മലപ്പുറം ജില്ലയിലെ പുതിയ ഭാരവാഹികള്‍ക്കു് സംസ്ഥാനക്കമ്മിറ്റിയുടെ പേരില്‍ അഭിനന്ദനം രേഖപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പു്

എം വി എസ് ട്രസ്റ്റ് കമ്മിറ്റി അംഗം ശ്രീ ശ്രീധരന്‍ മാസ്റ്റര്‍ വരണാധികാരിയായി 2019-22 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പു് നടന്നു. ആയതു് ഔദ്യോഗികമായി സമ്മേളനം അംഗീകരിച്ചു. യോഗനടപടികള്‍ക്കു് ശേഷം പുതിയ സെക്രട്ടറി സംഘടനയ്ക്കു് വേണ്ടി എല്ലാ കാര്യങ്ങളിലും കഴിവിന്റെ പരമാവധി ശ്രദ്ധയോടെ പ്രവര്‍ത്തിക്കുമെന്നും പുതിയ കമ്മിറ്റി അംഗങ്ങള്‍ പിന്തുണ നല്കണമെന്നും, അതിലുപരി സമുദായാംഗങ്ങളുടെ സഹകരണമുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. യോഗനടപടികള്‍ക്കു് ശ്രീ കെ പി ബാബു (സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍) കൃതജ്ഞത രേഖപ്പെടുത്തി.