ഒരു റിട്ടും, സംഘടനയുടെ തലവേദനയും..

തികച്ചും ആകസ്മികമായാണു് കാര്യം നമ്മള്‍‍ അറിയുന്നതു്. ഒരു ദിവസം, കേരള വേലന്‍ സമാജത്തിന്റെ പ്രസിഡണ്ട്‌ പി. പത്മനാഭന്‍ സാര്‍, പെരിന്തല്‍മണ്ണയില്‍ നിന്നു് എന്നെ ഫോണില്‍ ബന്ധപ്പെടുന്നു. “മാഷെ, ഇവിടെ ഞങ്ങളുടെ പ്രദേശത്തുള്ള വേലന്‍, മണ്ണാന്‍ സമുദായങ്ങളില്‍പ്പെട്ടവരുടെ വീടുകളില്‍ കേറി, ഒരു സംഘം ചെറുപ്പക്കാര്‍ ചില കണക്കെടുപ്പുകളൊക്കെ നടത്തുന്നു. കിര്‍ത്താഡ്സ് ഉദ്യോഗസ്ഥര്‍ ആണെന്നാണു് പറയുന്നതു്. ഒന്നു് അന്വേഷിക്കുന്നതു നന്നായിരിക്കും.” കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഫോണ്‍ വെച്ചു.

ഞാന്‍ പിറ്റേന്നു തന്നെ കിര്‍ത്താഡ്സില്‍ പോയി, വിജിലന്‍സ് ഓഫീസറെ കണ്ടു കാര്യം തിരക്കി. ഇത്രയും വിവരങ്ങള്‍ ലഭിച്ചു: “അടുത്ത കാലത്തു് കോഴിക്കോട്ടു് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സംഘടനയാണു്, ഇന്‍ഡിജീനസ് പീപ്പിള്‍സ്‌ ഓര്‍ഗനൈസേഷന്‍. അവര്‍ 2013ല്‍ കേരള ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നു. മലബാറിലെ വണ്ണാന്‍, മണ്ണാന്‍, പെരുമണ്ണാന്‍, വേലന്‍, പരവന്‍, പുള്ളുവന്‍ എന്നീ സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍ പെടുത്തിയതിനെ അതില്‍ ചോദ്യം ചെയ്തിരിക്കുകയാണു്. അവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹത ഇല്ലാത്തവര്‍ ആണെന്നും, നീക്കം ചെയ്യപ്പെടേണ്ടവര്‍ ആണെന്നും അവകാശപ്പെടുന്നു. അവരെ ലിസ്റ്റില്‍പ്പെടുത്തിയതിനു ഉത്തരവാദികളായ 1) ഇന്ത്യാ ഗവണ്മെന്റ് (മിനിസ്ട്രി ഓഫ് ലോ & ജസ്റ്റിസ്; ന്യൂഡല്‍ഹി, 2) സെക്രട്ടറി ടു ഗവ: ഓഫ് ഇന്ത്യ (സോഷ്യല്‍ ജസ്റ്റിസ് & എംപവര്‍മെന്റ്, 3) ചീഫ് സെക്രട്ടറി, കേരള ഗവണ്മെന്റ്, 4) ചെയര്‍മാന്‍, നാഷനല്‍ കമ്മീഷന്‍ (പട്ടികജാതി, പട്ടികവര്‍ഗ്ഗം), 5) ചെയര്‍മാന്‍, കേരള പബ്ലിക്‍ സര്‍വ്വീസ് കമ്മിഷന്‍ എന്നിവരെ എതിര്‍കക്ഷികള്‍ ആക്കിക്കൊണ്ടാണു് റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നതു്. പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച കോടതി, സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്‍റ്റ്സ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു് ആവശ്യപ്പെട്ടു. ആയതു തയ്യാറാക്കാന്‍ കിര്‍ത്താഡ്സിന്റെ പഠന റിപ്പോര്‍ട്ട് അനിവാര്യമാണു്. സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പു് ആവശ്യപ്പെട്ടതനുസരിച്ചു് ഇവിടുത്തെ ചില ജീവനക്കാര്‍ ഫീല്‍ഡ് സ്റ്റഡി നടത്തിക്കൊണ്ടിരിക്കുകയാണു്. പുതിയൊരു അന്വേഷണ റിപ്പോര്‍ട്ട് ആണു് ഉദ്ദേശിക്കുന്നതു്. പെരിന്തല്‍മണ്ണയിലാണു് ഇപ്പോള്‍ സംഘം പ്രവര്‍ത്തിക്കുന്നതു്.”

ഇത്രയും കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തരിച്ചിരുന്നു പോയി. നാലു വര്‍ഷം കടന്നു പോയിരിക്കുന്നു. ആറു സമുദായങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു കേസ്സ് ഹൈക്കോടതിയില്‍ വന്നിട്ടും ബന്ധപ്പെട്ട സമുദായങ്ങള്‍ക്കൊന്നും ഇതേവരെ അറിയാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടാതിരിക്കില്ലല്ലോ. ഇത്തരം കേസ്സുകള്‍ അറിയാതിരിക്കുകയും അതു ഡിഫെന്‍ഡ് ചെയ്യാതിരിക്കുകയും ചെയ്താല്‍ ഉണ്ടാവുന്ന ഭവിഷ്യത്തു്, തങ്കം Vs മാധവി കേസ്സില്‍ മുമ്പു് നാം അനുഭവിച്ചതാണു്. കേസ്സിന്റെ വിധിയും അതിനെത്തുടര്‍ന്നുള്ള സര്‍ക്കാര്‍ ഉത്തരവും വന്നപ്പോഴാണു് നാം മിഴിച്ചു നിന്നു പോയതു്. കേരളത്തില്‍ നമ്മുടെ സമുദായക്കാരെ മൊത്തം അതു ബാധിച്ചു. നമ്മുടെ കുട്ടികള്‍ കുറെ വര്‍ഷങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റു കിട്ടാതെ വലഞ്ഞു. ഒടുവില്‍ നാം പ്രത്യേകം കേസ്സ് നടത്തി അനുകൂല വിധി സമ്പാദിക്കേണ്ടി വന്നു.

ഒ. പി. ശുക്ല കേസ്സും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു. ഇതില്‍ പുള്ളുവനെക്കൂടി ഉള്‍പ്പെടുത്തി എന്നു മാത്രം. ആ കേസ്സും നമ്മുടെ ശ്രദ്ധയിലാണു് ആദ്യം പെട്ടതു്. ബന്ധപ്പെട്ട സമുദായങ്ങളെ അറിയിക്കുന്നതിനും കേസ്സ് ഡിഫെന്‍ഡ് ചെയ്യുന്നതിനുള്ള കാര്യങ്ങള്‍ നീക്കുന്നതിനും അന്നും നാം കുറേ പാടുപെട്ടു. അതു് അവസാനിക്കുമ്പോഴേക്കും വരുന്നു, അതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള മറ്റൊരു കേസ്സ്!

ഏതായാലും കിര്‍ത്താഡ്സില്‍ നിന്നു് വിവരാവകാശ നിയമപ്രകാരം പെറ്റീഷന്റെ കോപ്പി സംഘടിപ്പിച്ചു. വായിച്ചു നോക്കിയപ്പോള്‍ കാര്യം ഗൌരവമേറിയതു തന്നെ. വിവരം ബന്ധപ്പെട്ടവരെ കഴിയുന്നതും വേഗം അറിയിക്കേണ്ടതുണ്ടു്. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു് രൂപം നല്‍കേണ്ടതുണ്ടു്. എം. വി. എസ്സ്. എസ്സിന്റെ അടിയന്തിര യോഗം വിളിച്ചു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തൃശൂരില്‍ വിളിച്ചു ചേര്‍ത്ത പി. എം. ജെ. എസ്സിന്റെ യോഗത്തിലേക്കു് സ്വജന സമുദായ സഭയുടെ പ്രതിനിധികളെയും ക്ഷണിച്ചു. കേസ്സിന്റെ കാര്യം അവതരിപ്പിച്ചു. ഇനിയും കടമ്പകള്‍ പലതുണ്ടു്. മലബാറിലെ വേലന്‍, പരവന്‍, പുള്ളുവന്‍ സമുദായങ്ങളെ വിവരം അറിയിക്കണം. വേലന്‍ സമുദായ സഭയുടെ പ്രസിഡണ്ടിനെ പരിചയമുള്ളതു കൊണ്ടു് അദ്ദേഹത്തെ വിവരം അറിയിച്ചു. മുമ്പു് വടകരയില്‍ പരവന്മാരുടെ ഒരു യോഗത്തില്‍ പങ്കെടുത്തതു കൊണ്ടു് അതില്‍ ചിലരെ പരിചയമുണ്ടു്. അവരെയും തേടിപ്പിടിച്ചു വിവരം അറിയിച്ചു. ഇനി പുള്ളുവനെ കിട്ടണം. യാതൊരു മാര്‍ഗ്ഗവുമില്ല. ഒടുവില്‍ പത്രത്തില്‍ കണ്ട ഒരു വിവാഹ പരസ്യത്തില്‍ നിന്നു് ഒരാളുടെ ഫോണ്‍ നമ്പര്‍ കിട്ടി. ആ വഴിക്കു കണ്ണൂര്‍ക്കാരനായ അവരുടെ സംഘടനാ സെക്രട്ടറിയെ വിളിച്ചു കാര്യം പറഞ്ഞു. കോഴിക്കോടു്, വടകര, എന്നിവിടങ്ങളില്‍ വിളിച്ചു ചേര്‍ത്ത എം. വി. എസ്സ്. എസ്സിന്റെ യോഗങ്ങളില്‍ വേലന്‍, പരവന്‍ സമുദായ പ്രതിനിധികളെയും കൊയിലാണ്ടിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുള്ളുവന്‍ സമുദായ സംഘടനയുടെ സെക്രട്ടറിയെയും പങ്കെടുപ്പിച്ചു. കേസ്സിന്റെ കാര്യം വിശദീകരിച്ചു. പെറ്റീഷന്റെ കോപ്പികള്‍ നല്‍കി. കേസ്സ് ഡിഫെന്‍ഡ് ചെയ്യേണ്ടതു കൊണ്ടു് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കണം. പി. എം. ജെ. എസ്സിന്റെ ഒരു അടിയന്തിര യോഗം എറണാകുളത്തു ചേര്‍ന്നു. എം. വി. എസ്സ്. എസ്സിനെക്കൂടാതെ, മലബാറില്‍ നിന്നു് വേലന്‍, പരവന്‍ സമുദായ സംഘടനാ പ്രതിനിധികളും അതില്‍ പങ്കെടുത്തു. മൊത്തം അന്‍പതോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ കേസ്സ് കാര്യം വിപുലമായി ചര്‍ച്ച ചെയ്തു. സാമ്പത്തിക കാര്യങ്ങളില്‍ സഹകരണം ഉറപ്പു വരുത്തി. എം. വി. എസ്സ്. എസ്സിന്റെയും സ്വജന സമുദായ സഭയുടെയും നേതൃത്വങ്ങള്‍, കോഴിക്കോടു് നളന്ദ ഹോട്ടലില്‍ യോഗം ചേര്‍ന്നു് കേസ്സ് കാര്യം ചര്‍ച്ച ചെയ്തു, അനുകൂലമായ തീരുമാനം കൈക്കൊണ്ടു.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം വടകരയില്‍ വന്ന ബഹുമാനപ്പെട്ട മന്ത്രി, എ. കെ. ബാലനെ അവിടുത്തെ പരവ സമുദായാംഗങ്ങള്‍ മുഖദാവില്‍ കാണുകയും കേസ്സിന്റെ കാര്യം ധരിപ്പിക്കുകയും ചെയ്തു. കാര്യം ഗൌരവമുള്ളതാണെന്നു് അഭിപ്രായപ്പെട്ട മന്ത്രി, അടുത്തു തന്നെ ഒരു നിവേദനം തയ്യാറാക്കി, തിരുവനന്തപുരത്തു ചെന്നു അദ്ദേഹത്തെ കാണുവാന്‍ പറഞ്ഞു. പരവ സമുദായ സുഹൃത്തുക്കളുടെ അഭിപ്രയം പരിഗണിച്ചു്, അടുത്തു തന്നെ, പി. എം. ജെ. എസ്സിന്റെ സംസ്ഥാന ഭാരവാഹികളും എം. വി. എസ്സ്. എസ്സ് നേതൃത്വവും മലബാറിലെ പരവ, വേല സമുദായ പ്രതിനിധികളും മന്ത്രി, എ. കെ. ബാലനെ കണ്ടു നിവേദനം നല്‍കി. മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചു് അഡ്വക്കറ്റ് ജനറലിനെ കണ്ടു കാര്യങ്ങള്‍ സംസാരിക്കുകയും, അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു് എറണാകുളത്തു പോയി അഡ്വ: ശശീന്ദ്രനെ വക്കാലത്ത് ഏല്‍പ്പിക്കുകയും ചെയ്തു. വക്കീലിന്റെ വിദഗ്ദ്ധ നിര്‍ദ്ദേശം അനുസരിച്ചു്, പി. എം. ജെ. എസ്സ്, സ്വജന സമുദായ സഭ, എന്നിവയെ പ്രതിനിധീകരിച്ചു സംഘടനകളുടെ സെക്രട്ടറിമാരും, എം. വി. എസ്സ്. എസ്സിനെ പ്രതിനിധീകരിച്ചു പ്രസിഡണ്ട്‌, എന്‍. അശോകന്‍ വ്യക്തിപരമായും കക്ഷി ചേര്‍ന്നു. പുള്ളുവ സമുദായം പി. എം. ജെ. എസ്സിന്റെ ഘടകം അല്ലാത്തതിനാല്‍, സംഘം സെക്രട്ടറി, ശ്രീ പി. ശ്രീധരന്‍ സ്വതന്ത്രമായാണു് കേസ്സ് നടത്തിയതു്. പല തവണ വക്കീലിനെ കണ്ടു, ആവശ്യമായ രേഖകള്‍ സംഘടിപ്പിച്ചു നല്‍കുകയും കേസ്സിന്റെ പുരോഗതി അന്വേഷിക്കുകയും ചെയ്തു.

04/04/2018നു് കേസ്സ് വിചാരണയ്ക്കെടുത്ത കോടതി, വളരെയേറെ സമുദായങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കേസ്സില്‍ പരാതിക്കാരന്‍ അവരെ കക്ഷി ചേര്‍ത്തിട്ടില്ലെന്ന കാരണത്താല്‍ കേസ്സ് തള്ളി. ദിവസങ്ങള്‍ക്കകം, ഇന്‍ഡിജീനസ് പീപ്പിള്‍സ് ഓര്‍ഗ്ഗനൈസേഷന്‍ പഴുതുകള്‍ അടച്ചുകൊണ്ടു്, റിവ്യൂ പെറ്റീഷന്‍ നല്‍കി. കൊല്ലങ്ങള്‍ കഴിഞ്ഞു, 01/02/2021നു് കേസ്സിന്റെ വിധി പ്രസ്താവിച്ചിരിക്കുകയാണു്. ഇരുപത്തിയൊന്നു പേജുകള്‍ വരുന്ന വിധിയില്‍, പട്ടികജാതി സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനോ നീക്കം ‍ചെയ്യാനോ ഉള്ള അധികാരം പാര്‍ലമെന്റിനല്ലാതെ സര്‍ക്കാരുകള്‍ക്കോ കോടതികള്‍ക്കോ ട്രിബ്യൂണലു‍കള്‍ക്കോ ഇല്ലെന്നു ഭരണഘടനാ വകുപ്പുകള്‍ ഉദ്ധരിച്ചുകൊണ്ടു് അതില്‍ വ്യക്തമാക്കിയിരിക്കുന്നു. മേല്‍ സമുദായങ്ങള്‍ പട്ടികജാതി ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടിട്ടു് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പരാതി ഉന്നയിക്കാനുണ്ടായ കാലവിളംബം പരാതിക്കാരനു് ന്യായീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി കോടതി വിധികള്‍, ഉപോദ്ബലകമായി കോടതി ഉദ്ധരിച്ചു. “കുംഭകര്‍ണന്‍”, “റിപ്പ്‌വാന്‍വിങ്കിള്‍” എന്നും മറ്റും പരാതിക്കാരനെ പരിഹസിക്കാനും കോടതി മറന്നില്ല. ഒടുവില്‍ ബഹുമാനപ്പെട്ട കോടതി കേസ്സ് തള്ളി.

[ സംഘടന ഇടപെടുന്ന അഞ്ചാമത്തെ കേസ്സാണിതു്. പ്രഗത്ഭരായ ഏഴു വക്കീലന്മാരാണു് അവര്‍ക്കു വേണ്ടി കേസ്സ് വാദിച്ചതു്…! ]

എഴുത്തു്: എന്‍. അശോകന്‍ (മുന്‍ പ്രസിഡണ്ട്‌)

കോടതി വിധി ഇവിടെ.

ഈ കുറിപ്പിന്റെ പിഡിഎഫ് കോപ്പി ഇവിടെ.