നമുക്കെതിരെ വീണ്ടും

കോഴിക്കോടു് രൂപം കൊടുത്ത ഒരു സംഘടനയാണു് ഇന്‍ഡിജിനസ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. 2013ല്‍ രജി. നമ്പര്‍: KKD-CA-406/2013, 38/1408 പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സംഘടന യഥാര്‍ത്ഥ പട്ടികജാതിക്കാരെ പ്രതിനിധാനം ചെയ്യുന്നതാണെന്നാണു് അവകാശപ്പെടുന്നതു്. മുന്‍പു് നമുക്കെതിരെ, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടു് “അട്ടിമറിക്കപ്പെടുന്ന സംവരണം” എന്ന പേരില്‍ ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ച ദളിത്‌ സര്‍വ്വീസ് സൊസൈറ്റി (D.S.S.) എന്ന സംഘടനയുടെ നേതാക്കളാണു് ഇതിന്റെയും മുന്നിലുള്ളതു്. പ്രസിഡണ്ട്‌ – ഡോ. ടി. കെ. ഗോപാലന്‍, ജനറല്‍ സെക്രട്ടറി – ശ്രീ കെ. പി. രാജന്‍.

2013ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇന്‍ഡിജിനസ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍, സംഘടനാ പ്രവര്‍ത്തനത്തിന്റെ ഗണപതിക്കൈ കുറിച്ചതു് കേരള‌ ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തുകൊണ്ടാണു്. (WP (C) No: 24521/2013). മലബാറിലെ മണ്ണാന്‍, വണ്ണാന്‍, പെരുമണ്ണാന്‍, വേലന്‍, പരവന്‍, പുള്ളുവന്‍ എന്നീ സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍നിന്നും പുറത്താക്കുക എന്നതാണു് അവരുടെ ആവശ്യം. ഇവരെ പട്ടികജാതി ലിസ്റ്റില്‍പ്പെടുത്തിയതിനു് ഉത്തരവാദികളായ (1) ഇന്ത്യാ ഗവണ്മെന്റ് (മിനിസ്ട്രി ഓഫ് ലോ & ജസ്റ്റിസ്, ന്യൂ ദല്‍ഹി), (2) സെക്രട്ടറി ടു ഗവണ്മെന്റ് ഓഫ് ഇന്ത്യ (സോഷ്യല്‍ വെല്‍ഫെയര്‍ & എംപവര്‍മെന്റ്), (3) ചീഫ് സെക്രട്ടറി, കേരളാ ഗവണ്മെന്റ്, തിരുവനന്തപുരം, (4) ചെയര്‍മാന്‍, നാഷണല്‍ കമ്മീഷന്‍ (പട്ടികജാതി, പട്ടികവര്‍ഗ്ഗം), (5) ചെയര്‍മാന്‍, കേരളാ പബ്ലിക്‍ സര്‍വ്വീസ് കമ്മീഷന്‍ എന്നിവരെ എതിര്‍കക്ഷികളായി ചേര്‍ത്തു കൊണ്ടാണു് റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നതു്. സീനിയര്‍ വക്കീലായ പി. ചന്ദ്രശേഖരനെയാണു് വക്കാലത്ത് ഏല്‍പ്പിച്ചിരിക്കുന്നതു്.

പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച കോടതിയില്‍ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്‍റ്റ്സ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പിനു് കിര്‍ത്താഡ്സിന്റെ പഠനറിപ്പോര്‍ട്ട് അനിവാര്യമാണു്. ആയതു് തയ്യാറാക്കി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കിര്‍ത്താഡ്സിനോടു് ആവശ്യപ്പെട്ടു. കിര്‍ത്താഡ്സിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ അതിന്റെ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണു്. പെറ്റീഷന്റെ കോപ്പി വിവരാവകാശനിയമപ്രകാരം ലഭ്യമാക്കിയിട്ടുണ്ടു്. സംസ്ഥാന പുനഃസംഘടന നടപ്പിലായതിനുശേഷം പട്ടികയില്‍ ചേര്‍ക്കപ്പെട്ടവര്‍ യഥാര്‍ത്ഥ പട്ടികജാതിക്കാരല്ലത്രേ. ഭരണഘടനയുടെ 14, 15, 16 വകുപ്പുകള്‍ പ്രകാരം, സാമ്യതയില്ലാത്തവരെ തുല്യരായി പരിഗണിച്ചതു് വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണത്രേ!  സുപ്രീം കോടതിയില്‍ മുമ്പു് നടന്ന ഒ. പി. ശുക്ല കേസ്സില്‍ ഉന്നയിക്കപ്പെട്ട ലോക്കൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഇതിലും കടന്നു വരുന്നുണ്ടു്.

പട്ടികജാതിക്കാരില്‍ ഒരു വിഭാഗം ചേരിതിരിഞ്ഞു മറ്റു വിഭാഗങ്ങളെ ആക്രമിക്കുന്ന രീതി കുറേക്കാലമായി തുടര്‍ന്നുവരികയാണു്. പട്ടികജാതിക്കാര്‍ തമ്മില്‍ത്തമ്മില്‍ പോരടിക്കുന്നതിന്നു് ഇതിടയാക്കും. പ്രശ്നം പ്രതികൂലമായി ബാധിക്കുന്ന സമുദായങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സമാനസമുദായങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണു് ഇത്തരം സംഭവങ്ങള്‍.

ഭാവിപരിപാടികള്‍ക്കു് രൂപം നല്‍കാന്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍, മടിച്ചുനില്‍ക്കാതെ പങ്കെടുക്കാന്‍ ബന്ധപ്പെട്ട സമുദായാംഗങ്ങളോടു് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,

എന്‍. അശോകന്‍,
പ്രസിഡണ്ട്‌,
പട്ടികജാതി മഹാജനസഭ.

ഈ കുറിപ്പിന്റെ പി ഡി എഫ് പകര്‍പ്പു് ഇവിടെ: പി ഡി എഫ് പതിപ്പു്